വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ അകപ്പെട്ട ദുരിത ബാധിതർക്ക് ഭക്ഷ്യയോഗ്യമല്ലാത്ത കിറ്റുകൾ നൽകിയതായി പരാതി. റവ, അരി, ഗോതമ്പ് ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ പുഴുവരിച്ച നിലയിലാണെന്ന് ദുരിത ബാധിതർ വ്യക്തമാക്കി.
മേപ്പാടി പഞ്ചായത്താണ് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തത്. എന്നാൽ റവന്യൂ വകുപ്പിൽ നിന്നും മറ്റും ലഭിച്ച ഭക്ഷ്യവസ്തുക്കളാണ് ദുരിത ബാധിതർക്ക് നൽകിയതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം.
സംഭവത്തിൽ പ്രതിഷേധവുമായി ദുരിത ബാധിതർ പഞ്ചായത്തിലെത്തി. വളർത്തു മൃഗങ്ങൾക്ക് പോലും നൽകാൻ സാധിക്കാത്ത ഭക്ഷ്യ വസ്തുക്കളാണ് നൽകിയതെന്നും ഉപയോഗിച്ച വസ്ത്രങ്ങളും നൽകുന്നുണ്ടെന്നും ദുരിത ബാധിതർ വ്യക്തമാക്കി. പുഴുവരിച്ച ഭക്ഷണ കിറ്റുകൾ ഉദ്യോഗസ്ഥരുടെ ഓഫിസുകളിലേക്കിട്ട് ദുരിത ബാധിതർ പഞ്ചായത്ത് ഉപരോധിച്ചു.