ന്യൂഡൽഹി: ഇന്ത്യയുടെ സായുധ സേനയെ ആദരിക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധത ആവർത്തിച്ചുറപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിമുക്തഭടന്മാരുടെ ധീരതയ്‌ക്കും ത്യാഗത്തിനുമുള്ള ആദരവാണ് ‘ഒരു റാങ്ക് ഒരു പെൻഷൻ’ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പിലാക്കി പത്ത് വർഷം തികയുന്ന വേളയിൽ എക്‌സിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.
“ഇന്നേ ദിവസമാണ്, ‘ഒരു റാങ്ക്, ഒരു പെൻഷൻ’ (OROP) പദ്ധതി നടപ്പിലാക്കിയത്. നമ്മുടെ സംരക്ഷണത്തിനായി ജീവൻ സമർപ്പിച്ച വിമുക്തഭടന്മാരുടെ ധൈര്യത്തിനും ത്യാഗത്തിനുമുള്ള ആദരവാണിത്. ഒരു റാങ്ക്, ഒരു പെൻഷൻ നടപ്പാക്കാനുള്ള തീരുമാനം ദീർഘകാലമായുള്ള അവരുടെ ആവശ്യം പരിഹരിക്കുന്നതിനും നമ്മുടെ ഹീറോകളോടുള്ള രാഷ്‌ട്രത്തിന്റെ കൃതജ്ഞത ആവർത്തിച്ച് ഉറപ്പിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിരുന്നു,”പ്രധാനമന്ത്രി കുറിച്ചു.
പത്ത് വർഷത്തിനിടെ ലക്ഷക്കണക്കിന് കുടുംബങ്ങൾ ഈ സുപ്രധാന സംരഭത്തിൽ നിന്ന് പ്രയോജനം നേടി. കണക്കുകൾക്കപ്പുറം സൈനികരുടെ ക്ഷേമത്തിനായുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെയാണ് പദ്ധതി പ്രതിനിധീകരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ സേവിക്കുന്നവരുടെ ക്ഷേമത്തിനായി സാധ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സായുധ സേനയോടുള്ള പ്രധാനമന്ത്രി മോദിയുടെ നയത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഒരുറാങ്ക് ഒരു പെൻഷൻ പദ്ധതിയെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. 2014-ൽ നടപ്പിലാക്കിയ ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി, വിരമിച്ച സൈനിക ഉദ്യോഗസ്ഥർക്ക് വിരമിക്കൽ തീയതി പരിഗണിക്കാതെ, റാങ്കും സേവന ദൈർഘ്യവും അടിസ്ഥാനമാക്കി ഏകീകൃത പെൻഷൻ പേയ്‌മെൻ്റുകൾ ഉറപ്പാക്കുന്ന പദ്ധതിയാണ്.