ന്യൂയോർക്ക്: ഗാസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കാനും, ബന്ദികളെ കൈമാറുന്നത് സംബന്ധിച്ചുള്ള ഉടമ്പടിയും സംബന്ധിച്ചുള്ള പുതിയ നിർദേശം അംഗീകരിക്കില്ലെന്ന് ഹമാസ് തീരുമാനത്തിനെതിരെ അമേരിക്ക. ദോഹയിൽ ഇനി ഹമാസിന്റെ സാന്നിധ്യം അംഗീകരിക്കാനാകുന്ന കാര്യമല്ലെന്ന് യുഎസ് ഖത്തറിനെ അറിയിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഹമാസ് പുതിയ നിർദേശങ്ങൾ അംഗീകരിക്കില്ലെന്ന തീരുമാനം വ്യക്തമാക്കിയത്.
ഇസ്രായേൽ-ഹമാസ് പോരാട്ടത്തിൽ അമേരിക്കയ്‌ക്കും ഈജിപ്തിനും പുറമെ മധ്യസ്ഥ ചർച്ചകളിൽ നിർണായക സ്വാധീനം ചെലുത്തുന്നത് ഗൾഫ് രാജ്യമായ ഖത്തറാണ്. ഒരു വർഷത്തിലധികമായി വെടിനിർത്തൽ കരാർ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും അതൊന്നും ഫലം കണ്ടിട്ടില്ല. ബന്ദികളെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുന്നോട്ട് വയ്‌ക്കുന്ന നിർദേശങ്ങളെല്ലാം ഹമാസ് തള്ളുന്നതാണ് അനിശ്ചിതാവസ്ഥയ്‌ക്ക് കാരണമാകുന്നത്.
ആഴ്ചകൾക്ക് മുൻപും ഹമാസിന്റെ ഭാഗത്ത് നിന്ന് സമാന നീക്കമുണ്ടായതോടെയാണ് ഇനിയും ഖത്തറിൽ ഹമാസ് നേതാക്കളുടെ സാന്നിധ്യം അംഗീകരിക്കാനാകില്ലെന്ന് അമേരിക്ക അറിയിച്ചത്. രാജ്യത്തുള്ള ഹമാസിന്റെ രാഷ്‌ട്രീയകാര്യ സമിതി ഓഫീസ് അടച്ചുപൂട്ടണമെന്നും, ഇനിയും കാത്തിരിക്കുന്നതിൽ അർത്ഥമില്ലെന്നുമാണ് അമേരിക്ക ഖത്തറിനെ അറിയിച്ചതെന്ന് മുതിർന്ന യുഎസ് നയതന്ത്ര ഉദ്യോഗസ്ഥൻ വ്യക്തമാക്കി. 10 ദിവസം മുൻപ് ഖത്തർ ഈ ആവശ്യം ഹമാസ് നേതാക്കളെ അറിയിച്ചതായും ഇദ്ദേഹം അവകാശപ്പെടുന്നു.
അതേസമയം ഖത്തറിൽ നിന്ന് തങ്ങൾക്ക് അത്തരത്തിലൊരു സന്ദേശം ലഭിച്ചിട്ടില്ലെന്ന് ഹമാസ് വൃത്തങ്ങൾ വ്യക്തമാക്കി. ഖത്തർ വിദേശകാര്യ മന്ത്രാലയവും ഈ റിപ്പോർട്ടുകളോട് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഗാസയിലെ പോരാട്ടം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാനുള്ള ശ്രമങ്ങളാണ് ജോ ബൈഡന്റെ നേതൃത്വത്തിൽ ശ്രമം നടത്തുന്നത്. എന്നാൽ അടുത്ത യുഎസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത് ബൈഡന്റെ സ്വാധീനം കുറച്ചുവെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.