ഷാർജ: കേരളത്തിലെ എല്ലാ വീടുകളിലെയും കുട്ടികൾ സംഗീത സംവിധായകന്മാരാണെന്ന് സംവിധായകൻ ഇളയരാജ. ഒരു വീട്ടിൽ ഒരാൾ മാത്രമല്ല, എത്ര പേർ അവിടെയുണ്ടോ അവരെല്ലാം സംഗീത സംവിധായകന്മാരാണെന്നും പിന്നെ എങ്ങനെ താൻ മലയാളത്തിലേക്ക് വരുമെന്നും ഇളയരാജ പറഞ്ഞു. ഷാർജയിൽ നടന്ന അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ പങ്കെടുത്തതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തിലെ പുതിയ തലമുറ അവരുടെ കഴിവുകൾ തെളിയിക്കട്ടെ. മലയാളത്തിലേക്ക് ക്ഷണിച്ചാൽ സംഗീതം നിർവ്വഹിക്കും. സംഗീതം ഒരു യാത്രയല്ല, ജീവിതം തന്നെയാണ്. അയ്യോ രാജാ സാർ എന്നാണ് പുതിയ തലമുറ എന്നെ കാണുമ്പോൾ പറയുന്നത്. എന്നെ അവർക്ക് പേടിയാണ്, പിന്നെ എങ്ങനെയാണ് സംഗീതം ഒരുക്കാൻ എന്നെ വിളിക്കുന്നത്.
ഒരു വർഷം 58 സിനിമകൾക്ക് വരെ സംഗീതം നൽകിയിട്ടുണ്ട്. ഒരു സിനിമയ്‌ക്ക് വേണ്ടി ആറ് പാട്ടുകൾ ഒരുക്കിയിട്ടുണ്ട്. ഓരോ ദേശത്തെുള്ള ജനങ്ങളുടെ ജീവിതം മനസിലാക്കിയാണ് അതത് ഭാഷകളിൽ സംഗീതം നിർവ്വഹിക്കുന്നത്. ഒരേ സമയം മൂന്ന് സ്റ്റുഡിയോയിൽ റെക്കോർഡിംഗ് നടത്തിയിട്ടുണ്ടെന്നും ഇളയരാജ പറഞ്ഞു.