ചോറില്ലാതെ മലയാളിക്കൊരു ജീവിതമില്ല. എന്ത് കഴിച്ചാലും ചോറ് കഴിച്ചില്ലെങ്കിൽ തൃപ്തി വരാത്തവരാണ് ഭൂരിഭാഗം പേരും. അതുകൊണ്ട് തന്നെ മിക്ക ദിവസവും ചോറ് ബാക്കി വരുന്നത് പതിവാണ്. അങ്ങനെ വരുന്ന ചോറ് വച്ച് കിടിലനൊരു നാല് മണി പലഹാരം ഉണ്ടാക്കിയാലോ?
ചേരുവകൾ
ചോറ്- രണ്ട് കപ്പ്
കടലമാവ് – 1 കപ്പ്
ഉരുളക്കിഴങ്ങ് – ഒന്ന്
സവോള – രണ്ട്
കാബേജ് – ചെറിയ കഷണം
മഞ്ഞൾപൊടി – അര ടീസ്പൂൺ
കുരുമുളകുപൊടി – അര ടീസ്പൂൺ
ഗരം മസാല – അര ടീസ്പൂൺ
മുളകുപൊടി – ഒരു ടീസ്പൂൺ
മല്ലിയില
കറിവേപ്പില
പച്ചമുളക്
ഉപ്പ്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്ത് കുറച്ച് നേരം വെള്ളത്തിലിട്ട് വയ്‌ക്കണം. അരിഞ്ഞു വച്ച പച്ചക്കറികളും മസാലകളും ചേർത്ത് വെള്ളത്തിലിട്ടുവച്ച ഉരുളക്കിഴങ്ങും ചോറിനൊപ്പം ചേർത്ത് കുഴച്ചെടുക്കുക. കടലമാവ് ചേർത്ത് ഈ കൂട്ട് കുഴയ്‌ക്കുക. അധികം കട്ടിയിലാകരുത്. കൈവെള്ളയിൽ എണ്ണ തടവി ഉരുളകളാക്കി മാവ് പരത്തി എണ്ണയിൽ വറുത്ത് കോരാവുന്നതാണ്.