പാലക്കാട്: എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ യഥാർത്ഥ പാലക്കാടൻ കർഷകനായി നവംബർ 23ന് ശേഷം നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ സി കൃഷ്ണകുമാർ ആദ്യം അവതരിപ്പിക്കുന്നത് പാലക്കാട്, കുട്ടനാട് കർഷകരുടെ പ്രശ്‌നങ്ങളായിരിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന പ്രചാരണ പരിപാടിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
” പാലക്കാട് ഉപതെരഞ്ഞെടുപ്പ് വിജയിച്ച് സി കൃഷ്ണകുമാർ നിയമസഭയിൽ എത്തുമ്പോൾ അദ്ദേഹം യഥാർത്ഥ കർഷകനായിട്ടായിരിക്കും നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുക. എൽഡിഎഫും യുഡിഎഫും കാണിക്കുന്ന വഞ്ചനകൾ ബിജെപി എക്കാലവും ചൂണ്ടിക്കാട്ടും. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങൾക്കാണ് ബിജെപി മുൻഗണന നൽകുന്നത്.”- കെ സുരേന്ദ്രൻ പറഞ്ഞു.
കർഷകരെ ദ്രോഹിക്കുന്നത് സംസ്ഥാന സർക്കാരാണ്. ദ്രോഹത്തിന് കൂട്ട് നിൽക്കുന്നത് പ്രതിപക്ഷവുമാണ്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, പൗരത്വ നിയമ ഭേദഗതി, ജിഎസ്ടി തുടങ്ങിയവയ്‌ക്കെതിരെ എൽഡിഎഫും യുഡിഎഫും ഒന്നിച്ച് കൈകോർത്ത് രംഗത്തെത്തിയിരുന്നു. എന്നാൽ കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കർഷക ആത്മഹത്യകൾ തടയുന്നതിനുമായി എൽഡിഎഫും യുഡിഎഫും ഐക്യകണ്‌ഠേന മുന്നോട്ടു വന്നിട്ടുണ്ടോയെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
കേന്ദ്ര സർക്കാർ കർഷകർക്ക് നൽകുന്ന ആനുകൂല്യങ്ങൾ സംസ്ഥാന സർക്കാർ മറച്ചുവയ്‌ക്കുകയാണ്. പ്രധാനമന്ത്രി കർഷകരെ സഹായിക്കുന്നില്ലെന്ന് വരുത്തി തീർക്കാനാണ് കേരള സർക്കാർ ശ്രമിക്കുന്നത്. നെല്ലിന്റെ താങ്ങുവില വർദ്ധിപ്പിച്ചത് മോദി സർക്കാരാണ്.
കേന്ദ്രസർക്കാർ നൽകുന്ന പണം കർഷകർക്ക് നേരിട്ട് കൊടുക്കാതെ അവരെ കൊണ്ട് വായ്പ എടുപ്പിക്കുന്നതാണ് മിക്ക കർഷക ആത്മഹത്യകൾക്കും കാരണം. മോദി സർക്കാർ നൽകുന്ന പണം എന്തുകൊണ്ട് കർഷകർക്ക് നേരിട്ട് നൽകുന്നില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.















