തിരുവനന്തപുരം: വയനാട് ലോക്‌സഭ, ചേലക്കര നിയമസഭ മണ്ഡലങ്ങളിലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നവംബർ 13ന് അവധി. ഉപതെരഞ്ഞെടുപ്പിന് വോട്ട് ചെയ്യുന്നതിനായാണ് തൊഴിൽ വകുപ്പ് അവധി പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച ഉത്തരവും തൊഴിൽ വകുപ്പ് പുറത്തിറക്കി.
സ്വന്തം മണ്ഡലത്തിന് പുറത്ത് ജോലിയുള്ളവർക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിംഗ് സ്റ്റേഷനിൽ പോയി വോട്ടു ചെയ്യാൻ തൊഴിലുടമ പ്രത്യേക അനുമതി നൽകണം.
ഐടി, പ്ലാന്റേഷൻ ഉൾപ്പെടെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ കാഷ്വൽ/ ദിവസ വേതന തൊഴിലാളികൾക്കും വേതനത്തോട് കൂടിയ അവധി ബാധകമാണെന്നും ഉത്തരവിൽ പറയുന്നു.
രണ്ട് മണ്ഡലങ്ങളിലെയും പരസ്യ പ്രചാരണം വൈകിട്ട് അവസാനിച്ചിരുന്നു. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. പാലക്കാടും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും കൽപ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിൽ വോട്ടെടുപ്പ് 20 ലേക്ക് മാറ്റിയിരുന്നു.