ന്യൂഡൽഹി: ഭീകര സംഘടനയായ അൽ ഖ്വയ്ദയുമായി ബന്ധപ്പെട്ട രാജ്യവിരുദ്ധ കേസിൽ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ പരിശോധനയുമായി എൻഐഎ സംഘം. ഇന്ത്യയ്‌ക്കെതിരെ അൽ ഖ്വയ്ദ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി ചില ബംഗ്ലാദേശ് പൗരന്മാർ നടത്തിയ രാജ്യവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.
ജമ്മു കശ്മീർ, കർണാടക, പശ്ചിമ ബംഗാൾ, ബിഹാർ, ത്രിപുര, അസം എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങളിലായിരുന്നു റെയ്ഡ്. അൽ ഖ്വയ്ദയ്ക്കായി സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള പിന്തുണ നൽകിയതെന്ന് സംശയിക്കുന്ന വ്യക്തികളുമായി ബന്ധമുള്ള ഒൻപത് ഇടങ്ങളിൽ ഇന്നലെ പുലർച്ചെയാണ് പരിശോധന ആരംഭിച്ചത്. ബാങ്കിംഗ് ഇടപാടുകൾ നടത്തിയതിന്റെ രേഖകൾ, മൊബൈൽ ഫോണുകൾ, രാജ്യവിരുദ്ധ ലഘുലേഖകൾ, തീവ്രവാദികൾക്ക് ഫണ്ടിംഗ് നൽകിയതിന്റെ തെളിവുകൾ എന്നിവ റെയ്ഡിൽ പിടിച്ചെടുത്തതായി എൻഐഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ബംഗ്ലാദേശ് കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ ഖ്വയ്ദ ഗ്രൂപ്പിന്റെ അനുഭാവികളായ ആളുകളുടെ ഓഫീസുകളിലും വീടുകളിലുമാണ് റെയ്ഡ് നടത്തിയതെന്നും എൻഐഎ അറിയിച്ചു. അൽ ഖ്വയ്ദയുടെ തീവ്രവാദ പ്രവർത്തനങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനും, രാജ്യത്തെ യുവാക്കളെ ലക്ഷ്യമിട്ടുമാണ് ഇക്കൂട്ടർ പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണ സംഘം പറയുന്നു. കഴിഞ്ഞ വർഷം നാല് നാല് ബംഗ്ലാദേശ് പൗരന്മാർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു.