ഭോപ്പാൽ: രാജ്യത്തെ ആദ്യ സോളാർ പവർ സ്റ്റോറേജ് പ്ലാൻ്റ് മദ്ധ്യപ്രദേശിൽ ഉടൻ സ്ഥാപിക്കും. മദ്ധ്യപ്രദേശിലെ മൊറേനയിലാണ് ഇന്ത്യയിലെ ആദ്യത്തെ സോളാർ പവർ സ്റ്റോറേജ് പ്ലാൻ്റ് സ്ഥാപിക്കുന്നത്. രാത്രിയിലും വൈദ്യുതി എത്തിക്കാൻ കഴിയുന്ന സോളാർ പവർ സ്റ്റോറേജ് പ്ലാന്റ് 2027 ഓടെയാണ് പ്രവർത്തനക്ഷമമാവുക.
സോളാർ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ അടുത്തവർഷം ആരംഭിക്കും. എന്നാൽ ഇത് പൂർണമായും പ്രവർത്തനക്ഷമമാകുന്നതിന് രണ്ട് വർഷം സമയമെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പൊതുവെ, പകൽ സമയങ്ങളിൽ മാത്രമേ സോളാർ പവർ പ്ലാൻ്റുകളിൽ നിന്നും വൈദ്യുതി ലഭ്യമാകുകയുള്ളൂ. എന്നാൽ, സോളാർ പവർ സ്റ്റോറേജ് പ്ലാൻ്റിലൂടെ രാത്രിയിലും വൈദ്യുതി ലഭ്യമാകുമെന്നതാണ് സവിശേഷത. പകൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി സംഭരിച്ച് രാത്രിയിൽ വിതരണം ചെയ്യും.
മൊറേനയിൽ 3,000 ഹെക്ടർ സ്ഥലത്താണ് പ്ലാന്റ് നിർമിക്കുന്നത്. 600 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന പ്ലാൻ്റിന് 3,500 കോടി രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. സോളാർ പവർ സ്റ്റോറേജ് പ്ലാൻ്റ് കർഷകർക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തൽ.
സൗരോർജ്ജ വൈദ്യുതി ഉത്പ്പാദനത്തിൽ രാജ്യത്തെ മുൻനിര സംസ്ഥാനങ്ങളിലൊന്നാണ് മദ്ധ്യപ്രദേശ്. 750 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാൻ്റ് സ്ഥിതിചെയ്യുന്നതും മദ്ധ്യപ്രദേശിലാണ്.