കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ വര്‍ഷം തോറും നടത്തി വരാറുള്ള കേരള ശാസ്ത്ര കോണ്‍ഗ്രസ് 2025 ഫെബ്രുവരി 7 മുതല്‍ 10 വരെ കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നടക്കും. ഫെബ്രുവരി 8 ന് ആരംഭിക്കുന്ന ശാസ്ത്ര കോണ്‍ഗ്രസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.ഫെബ്രുവരി 7 ന് തുടക്കമിടുന്ന ശാസ്ത്ര പ്രദര്‍ശനം റവന്യു മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും.
കേരള ശാസ്ത്ര കോണ്‍ഗ്രസ് 1972 മുതല്‍ നടക്കുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്ര മേളയാണ്. 2012 ലാണ് മുന്‍പ് ഈ ശാസ്ത്ര മേളക്ക് തൃശൂര്‍ വേദിയായത്. സൗത്ത് ഇന്ത്യയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും 1500 ഓളം ഗവേഷകര്‍ ഇതിന്റെ ഭാഗമാവും. ‘ഹരിത ഭാവിക്ക് വേണ്ടിയുള്ള സാങ്കേതിക പരിവര്‍ത്തനം’ എന്നതാണ് ഈ വര്‍ഷത്തെ ഫോക്കല്‍ തീം.
ഐഎസ്ആര്‍ഒ, പ്രതിരോധ വകുപ്പിന്റെ ഗവേഷണ സ്ഥാപനങ്ങള്‍, സിഎസ്‌ഐആര്‍, ഐസിഎആര്‍ തുടങ്ങിയ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങള്‍ പ്രധാനപ്പെട്ട വിവിധ വ്യവസായശാലകള്‍ എന്നിവയുടെ പ്രാധിനിധ്യവും ശാസ്ത്ര പ്രദര്‍ശനത്തില്‍ ഉണ്ടാകും. ഫോക്കല്‍ തീം പ്രഭാഷണങ്ങള്‍, 9 അനുസ്മരണ പ്രഭാഷണങ്ങള്‍, പിജി വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക ശാസ്ത്ര സദസ്, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ശാസ്ത്രജ്ഞരുമൊത്തുള്ള പരിപാടി, സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും വേണ്ടിയുള്ള ക്യാഷ് അവാര്‍ഡും സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവും ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കും.
കേരള ശാസ്ത്ര സാങ്കേതിക വകുപ്പ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, കേരള കാര്‍ഷിക സര്‍വകലാശാല, കേരള വന ഗവേഷണ സ്ഥാപനം എന്നീ സ്ഥാപനങ്ങളാണ് മുപ്പത്തിയേഴാമത് കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ സംഘാടന ചുമതല.ശാസ്ത്ര കോണ്‍ഗ്രസില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതിന് നവംബര്‍ 30 വരെ മാത്രമേ അവസരം ഉണ്ടാവുകയുള്ളൂ. സെസോളിന് 2025 ജനുവരി 15 വരെ രജിസ്‌ട്രേഷന്‍ സാധ്യമാവും. കൂടുതല്‍ വിവരങ്ങള്‍ ksc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.