ഭൂമിയിൽ നിന്ന് വ്യത്യസ്തമാണ് ബഹിരാകാശത്തെ കാര്യമെന്ന് എല്ലാവർക്കും അറിയാം. എട്ട് ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട് മാസങ്ങളായി ബഹിരാകാശ നിലയത്തിൽ തുടരുകയാണ് നാസയുടെ ബഹിരാകാശ യാത്രികരായ ഇന്ത്യൻ വംശജയായ സുനിതാ വില്യംസും ബുച്ച് വിൽമോറും. സുനിതയുടെ ചുക്കിചുളിഞ്ഞ് ശോഷിച്ച്, ആരോഗ്യം നഷ്ടപ്പെട്ടുവെന്ന് തോന്നിപ്പിക്കും വിധത്തിലുള്ള ഒരു ചിത്രം അടുത്തിടെ നാസ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ അവരുടെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കകൾ ലോകം മുഴുവൻ ചർച്ച ചെയ്തിരുന്നു.
സുനിതാ വില്യംസ് തന്നെ ആശങ്കകൾക്ക് സ്ഥാനമില്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്. താൻ പൂർണ ആരോഗ്യവതിയാണെന്നും ഇല്ലാകഥ പടച്ചുവിടരുതെന്നും അവർ പറഞ്ഞു. ശരീരത്തിലെ സ്രവങ്ങളിലും മറ്റ് ഫ്ലൂയിഡുകളിലുമുള്ള വ്യതിചലനമാണ് തന്റെ രൂപമാറ്റത്തിന് പിന്നിലെന്ന് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ നിന്നുള്ള വീഡിയോയിൽ പറയുന്നു. ഒട്ടിയ കവിളും മെലിഞ്ഞൊണങ്ങിയ ശരീരവും കണ്ട ഭയപ്പേണ്ട
തില്ലെന്നും ആരോഗ്യം ക്ഷയിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
ബഹിരാകാശത്തുള്ളവരുടെ തലയ്‌ക്ക് വലുപ്പമേറും. അതാണ് തനിക്കുമുള്ളതെന്ന് സുനിതാ വില്യംസ് പറഞ്ഞു. സീറോ ഗ്രാവിറ്റിയിൽ ശരീരത്തിന്റെ എല്ലാ ഭാഗത്തും ഫ്ലൂയിഡ് തുല്യമായിരിക്കും. ഇക്കാരണം കൊണ്ടാണ് തലയ്‌ക്ക് വലുപ്പ കൂടുതലുള്ളത് പോലെ തോന്നുന്നത്. ഭാരമില്ലാത്ത അവസ്ഥയിൽ ശരീരത്തിന്റെ മുകൾ ഭാഗത്തേക്കുള്ള ദ്രാവകങ്ങളുടെ ഒഴുക്കും മർദ്ദവും കൂടും. ഇത് റെറ്റിനയുടെ വീക്കത്തിന് കാരണമാകുന്നു. ഇത് കാഴ്ചശക്തിയെ ബാധിക്കാൻ സാധ്യതയുണ്ട്. ഏകദേശം 15 മിനിറ്റോളം ദൈർഘ്യമുള്ളതാണ് സുനിത വില്യംസിന്റെ വീഡിയോ. നാസയാണ് ഇത് പുറത്തുവിട്ടത്.
ബോയിംഗ് സ്റ്റാർലൈനറിന്റെ ആദ്യ പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായാണ് സുനിതയും ബുച്ച് വിൽമോറും ബഹിരാകാശത്തെത്തിയത്. പേടകത്തിൽ സാങ്കേതിക തകരാറുകൾ കണ്ടെത്തിയതോടെ ബഹിരാകാശനിലയത്തിൽ തങ്ങുകയായിരുന്നു. സ്റ്റാർലൈനർ പേടകം ആളില്ലാതെ അടുത്തിടെ തിരിച്ചിറങ്ങിയിരുന്നു. ബഹിരാകാശ യാത്രികർ വരുന്ന വർഷം ഫെബ്രുവരിയോടെ ഭൂമിയിൽ തിരികെ എത്തും., മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സിന്റെ ഡ്രാഗൺ ക്രൂ പേടകത്തിലാകും ഇരുവരുമെത്തുക.