ന്യൂഡൽഹി: നമ്പർ വൺ കേരളമെന്ന ഘോരഘോരം പറയുന്നതിനിടയിൽ മലയാളികൾ കടക്കെണിയിലാണെന്ന് റിപ്പോർട്ട്. രാജ്യത്ത് സമ്പാദ്യവും നിക്ഷേപവും കുറഞ്ഞതും കടം കൂടിയതുമായ കുടുംബങ്ങൾ ഏറെയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും ഇടം പിടിച്ചു. ശരാശരി 1,98,951 രൂപയാണ് മലയാളിയുടെ കടം.
കോവിഡിന് ശേഷം വിവിധ സൂചികകളുടെ അടിസ്ഥാനത്തിൽ രാജ്യമാകെ ഒരു ലക്ഷം വീടുകളിൽ നടത്തിയ സർവേയുടെ ഫലമാണ് നബാർഡ് പുറത്തുവിട്ടത്. ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സ്വാശ്രയസംഘങ്ങളിലും ചിട്ടികളിലുമൊക്കെയായി രാജ്യത്തെ 66 ശതമാനം കുടുംബത്തിനും സമ്പാദ്യമുണ്ട്. എന്നാൽ കേരളത്തിൽ ഇത് കേവലം 35 ശതമാനം മാത്രമാണ്.
ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഝാർഖണ്ഡ് തുടങ്ങി 11 സംസ്ഥാനങ്ങളിൽ 70 ശതമാനത്തിന് മുകളിലാണ് സമ്പാദ്യം. 18 ശതമാനം കുടുംബങ്ങളും അവരുടെ സമ്പാദ്യം വീടുകളിലാണ് സൂക്ഷിക്കുന്നത്. ഭൂമി, സ്വർണം, സർക്കാർ ബോണ്ടുകൾ, സ്ഥിരനിക്ഷേപം, ഓഹരികൾ, കിസാൻ വികാസ് പത്ര, ബോണ്ടുകൾ എന്നിങ്ങനെയുള്ള നിക്ഷേപങ്ങളുടെ കാര്യത്തിലും കേരളം പിന്നിലാണ്. 20 ശതമാനത്തിൽ താഴെ പേർക്ക് മാത്രമാണ് ഇത്തരത്തിൽ നിക്ഷേപമുള്ളത്. സർക്കാരിന്റെ ധൂർത്തും ജനങ്ങളെ വലയ്‌ക്കുന്നുണ്ടെന്നതിന് തെളിവാണ് പുറത്തുവന്നിരിക്കുന്ന കണക്ക്.