ഫോണോ പത്രമോ എടുത്താണ് ഇന്ന് മിക്ക ആളുകളുടെയും ടോയ്‌ലറ്റിൽ പോക്ക്. എന്നാൽ ഈ ശീലം പല രോഗങ്ങൾക്കും കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ഒരാൾ ടോയ്‌ലറ്റിൽ 10 മിനിറ്റിൽ കൂടുതൽ ഇരിക്കുന്ന ആരോഗ്യത്തിന് ദോഷം ചെയ്യും.
ടെക്സസ് യൂണിവേഴ്സിറ്റിയിലെ കൊളോറെക്ടൽ സർജൻ ഡോ.ലായ് സോയുടെ അഭിപ്രായത്തിൽ ഈ ശീലം മൂലക്കുരുവിനും, പെൽവിക് പേശികൾ ദുർബലമാകാനും കാരണമാകും. തന്നെ കാണാൻ എത്തിയ രോഗികളിൽ നല്ലൊരു ശതമാനത്തിന്റെയും അവസ്ഥയ്‌ക്ക് കാരണവും ഇതാണ്.
ടോയ്‌ലറ്റ് സീറ്റ് ഓവൽ ആകൃതിയിലാണ്, അതിനാൽ ഇത് നിതംബത്തെ കംപ്രസ് ചെയ്യുകയും മലാശയത്തിന്റെ സ്ഥാനം വളരെ താഴ്ന്നതാക്കുകയും ചെയ്യുന്നു. ഗുരുത്വാകർഷണം ശരീരത്തിന്റെ താഴത്തെ ഭാഗം കൂടുതൽ താഴോട്ട് വലിക്കപ്പെടുന്നു. അവിടേക്ക് കൂടുതൽ രക്തപ്രവാഹം ഉണ്ടാകുന്നു. ആ രക്തം മലാശയത്തിന് ചുറ്റുമുള്ള രക്തക്കുഴലുകൾ വലുതാകുന്നതിനും അവിടെ രക്തം നിറയുന്നതിനും കാരണമാകും.
ശക്തമായ മർദ്ദം പ്രയോഗിക്കുന്നത് പൈൽസിന്റെ സാധ്യത വർദ്ധിപ്പിക്കുമെന്നും ഡോക്ടർ പറയുന്നു. ഫോണിലൂടെ സ്‌ക്രോൾ ചെയ്യുമ്പോൾ പലപ്പോഴും ആളുകൾ സമയം പോകുന്നതറിയില്ല. അതിനാൽ തന്നെ ടോയ്‌ലറ്റ് സീറ്റിൽ ഇരിക്കുന്ന സമയവും കൂടി വരികയാണ്. ടോയ്‌ലറ്റ് സീറ്റിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കാൻ ഫോണുകൾ, മാസികകൾ, പുസ്തകങ്ങൾ എന്നിവ കൊണ്ടു പോകാതിരിക്കുക. പെട്ടെന്ന് കാര്യം തീർത്ത് വരുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നും ഡോക്ടർ പറഞ്ഞു.