മലയാളികളുടെ ജനപ്രിയ മത്സ്യമാണ് ചാള അഥവാ മത്തി. പോഷകങ്ങളാൽ സമ്പന്നവുമാണ്, താരതമ്യേന വിലയും കുറവാണ് എന്നതിനാൽ മത്തിക്ക് ആരാധകർ ഏറെയാണ്. സാധാരണക്കാരന്റെ മത്സ്യമെന്നും ചാളയെ ചിലർ വിശേഷിപ്പിക്കുന്നു. മത്തി വറുത്തും കറിവച്ചും വേണ്ടുവോളം കഴിക്കാറുണ്ടെങ്കിലും അതിന്റെ യഥാർത്ഥ ഗുണങ്ങൾ പലർക്കും അറിയില്ല. നല്ല ചാള കിട്ടിയാൽ അത് ആരോഗ്യപ്രദമായ രീതിയിൽ പാചകം ചെയ്ത് കഴിച്ചാൽ സൗന്ദര്യം പതിന്മടങ്ങായി വർദ്ധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ചർമ്മത്തിന്റെ ആരോഗ്യത്തിന് അത്രയേറെ ഗുണകരമാണ് മത്തി.
വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ചർമ്മത്തിലെ മാറ്റങ്ങളെ തടയാൻ ചാളയിലെ ഘടകങ്ങൾക്ക് സാധിക്കും. മുഖക്കുരു പോലുള്ള അവസ്ഥകളിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കും. ചാളയിലുള്ള ഒമേഗ-3 ഫാറ്റി ആസിഡുകളും ആന്റി ഇൻഫ്ലമേറ്ററി കണ്ടന്റായ വിറ്റമിൻ ഡിയുമാണ് ഇതിന് സഹായിക്കുന്നത്. ഒമേഗ-3യിലൂടെ ചർമ്മത്തിലെ എണ്ണ ഉത്പാദനം ക്രമീകരിക്കപ്പെടുന്നു. അതുവഴി ചർമം ജലാംശമുള്ളതാകും. ചാള വേണ്ടുവോളം കഴിച്ചാൽ സ്കിൻ കാൻസർ സാധ്യത വരെ കുറയുമെന്നാണ് അമേരിക്കയിലെ പ്രസിദ്ധ ഡെർമെറ്റോളജിസ്റ്റായ Sonya Kenkare പറയുന്നത്.
കലോറിയും ഫാറ്റും കൂടാതെ പ്രോട്ടീൻ, കാത്സ്യം, അയേൺ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം എന്നിവയും മത്തിയിലുണ്ട്. അതിനാൽ ഉത്കണ്ഠയും വിഷാദവും അകറ്റാൻ, ഭാരം കുറയ്‌ക്കാൻ, മലവിസർജ്ജനത്തെ ക്രമീകരിക്കാൻ, ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിന്, എല്ലുകളുടെ ആരോഗ്യത്തിന്, കൊളസ്ട്രോൾ ലെവൽ നിയന്ത്രിക്കാൻ തുടങ്ങിയവയ്‌ക്കെല്ലാം ചാള കഴിക്കുന്നത് ഗുണം ചെയ്യും.