കൊച്ചി: ആനകളെ ഉത്സവങ്ങൾക്കും മറ്റും എഴുന്നെളളിക്കുന്നതിന് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി. തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിർത്തരുതെന്ന് ഉൾപ്പെടെയുളള നിർദ്ദേശങ്ങളാണുള്ളത്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ആനകളെ പൊതുനിരത്തിൽകൂടി കൊണ്ടുപോകരുതെന്നും നിർദ്ദേശത്തിൽ പറയുന്നു. അതേസമയം കോടതി നിർദ്ദേശങ്ങൾ ഉത്സവങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
വൈകിട്ട് 5 മണി വരെ പൊതുനിരത്തിൽ കൂടി കൊണ്ടുപോകരുതെന്ന നിർദ്ദേശം വരുമ്പോൾ എഴുന്നെളളത്തുകൾ അതിന് ശേഷം ക്രമീകരിക്കേണ്ടി വരും. എഴുന്നളളത്തിന് നിൽക്കുമ്പോൾ ആനകൾ തമ്മിൽ 3 മീറ്റർ അകലം ഉറപ്പാക്കണം, തീയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്നും 5 മീറ്റർ അകലം പാലിക്കണം, കാഴ്ചക്കാരും ആനയും തമ്മിലും 8 മീറ്റർ ദൂര പരിധി ഉറപ്പാക്കണം, ബാരിക്കേഡ് സംവിധാനമുണ്ടാകണം തുടങ്ങിയവയാണ് മറ്റ് നിർദ്ദേശങ്ങൾ. മാർഗ്ഗ നിർദേശങ്ങൾ പാലിക്കാത്ത എഴുന്നള്ളത്തുകൾക്ക് ജില്ലാതല സമിതി അനുമതി നൽകരുതെന്നും കോടതി നിർദ്ദേശിക്കുന്നു.
ദിവസം 30 കി.മീ കൂടുതൽ ആനകളെ നടത്തിക്കരുത്. രാത്രി 10 മുതൽ രാവിലെ 4 മണി വരെ ആനയെ യാത്ര ചെയ്യിക്കരുത്. രാത്രിയിൽ ശരിയായ വിശ്രമ സ്ഥലം സംഘാടകർ ഉറപ്പു വരുത്തണം. ദിവസം 125 കിലോമീറ്ററിൽ കൂടുതൽ ആനയെ യാത്ര ചെയ്യിക്കരുത്. ദിവസം 6 മണിക്കൂറിൽ കൂടുതൽ ആനയെ വാഹനത്തിൽ കൊണ്ടുപോകരുത്. വാഹനത്തിന്റെ വേഗത 25 കിലോമീറ്ററിൽ താഴെയാകണം. ആനയുടെ യാത്രയ്‌ക്കായി ഉപയോഗിക്കുന്ന വാഹനത്തിന് വേഗപ്പൂട്ട് നിർബന്ധമാണെന്നും മാർഗനിർദ്ദേശങ്ങളിൽ പറയുന്നു.
ഒരു മാസം മുൻപ് അപേക്ഷ സമർപ്പിക്കണം. രണ്ട് എഴുന്നള്ളത്തുകൾക്കിടയിൽ മതിയായ വിശ്രമം ആനകൾക്ക് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. ജില്ലാതല സമിതിയ്‌ക്കാണ് ഇതിന്റെ ചുമതല. ആനയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഫിറ്റ്‌നസ്, ഹെൽത്ത് സർട്ടിഫിക്കറ്റ് ഉറപ്പാക്കണം. ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സംഘാടകർ ജില്ലാതല സമിതിയെ ബോധിപ്പിക്കണം. താൽക്കാലിക വിശ്രമസ്ഥലം വൃത്തിയുള്ളതായിരിക്കണമെന്നും എലിഫന്റ് സ്‌ക്വാഡ് എന്ന പേരിൽ ആളുകളെ നിയോഗിക്കരുതെന്നും കോടതി നിർദ്ദേശിച്ചു.