ചാമ്പ്യൻസ് ട്രോഫി നടത്തിപ്പിനെ ചൊല്ലിയുള്ള ഭിന്നതകൾ തുടരുമ്പോൾ ഇന്ത്യയെ ചൊറിയാനുള്ള നീക്കവുമായി പാകിസ്താൻ. നാളെ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂറിൽ ട്രോഫി എത്തുന്ന ഒരു സ്ഥലമായി പാക് അധിനിവേശ കശ്മീരിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രകോപനം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇസ്ലാമബാദിൽ നിന്ന് 16-നാണ് ട്രോഫി ടൂറ് ആരംഭിക്കുന്നത്. 24ന് ഇത് അവസാനിക്കും. സ്കാർദു, മുറെ, ഹൻസ, മുസാഫറാബാദ് തുടങ്ങിയ ഇടങ്ങളിലൂടെയാണ് ട്രോഫി യാത്ര നടത്തുന്നത്.
സ്കാർദു, ഹൻസ,മുസാഫറാബാദ് തുടങ്ങിയിടങ്ങൾ പാക് അധിനിവേശ കശ്മീരിലാണ് ഉൾപ്പെടുന്നത്. തർക്കങ്ങൾ സജീവമായ പ്രദേശമാണിത്. ടൂർണമെന്റിനായി പാകിസ്താനിലേക്ക് പോകില്ലെന്ന് ഇന്ത്യ നിലപാട് കടുപ്പിച്ചതോടെയാണ് പ്രകോപനം സൃഷ്ടിക്കാനുള്ള പാകിസ്താൻ നീക്കവും.
ഇന്ത്യയുടെ പങ്കാളിത്തം അനിശ്ചിതത്വത്തിലായതോടെ ഐസിസിയും അന്തിമ ഷെഡ്യൂൾ പ്രഖ്യാപിക്കുന്നത് നീട്ടി വച്ചിരിക്കുകയാണ്. അടുത്ത വർഷം ഫെബ്രുവരിൽ 19 മുതൽ മാർച്ച് 9 വരെയാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ഇത് ഐസിസി ഇതുവരെ അംഗീകരിച്ചിട്ടില്ല.