ബെയ്റൂട്ട്: ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. മിസൈൽ ആക്രമണത്തിൽ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫിഫ് കൊലപ്പെട്ടു. മദ്ധ്യ ബെയ്റൂട്ട് പ്രദേശങ്ങളിൽ നടത്തിയ ആക്രമണത്തിലാണ് അഫിഫ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.
ഹിസ്ബുള്ളയുടെ മീഡിയ റിലേഷൻ വിഭാഗത്തിന്റെ തലവനായിരുന്നു മുഹമ്മദ് അഫീഫ്. വർഷങ്ങളോളം ഈ വിഭാഗത്തിൽ ഇയാൾ പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ഹസ്ൻ നസ്റുള്ള കൊല്ലപ്പെട്ടതിന് ശേഷം സായുധ സംഘത്തിലെ പ്രധാനിയായും പ്രവർത്തിച്ചു. ഹിസ്ബുള്ളയുടെ അൽ- മനാർ ടെലിവിഷൻ ചാനലായിരുന്നു അഫീഫ് കൈകാര്യം ചെയ്തിരുന്നത്.
ലബനനിലെ തകർന്ന കെട്ടിടങ്ങൾക്ക് നടുവിൽ നിന്നും ഇയാൾ വാർത്താസമ്മേളനങ്ങൾ നടത്തിയിരുന്നു. നവംബർ 11ന് ചേർന്ന് വാർത്താസമ്മേളനത്തിൽ ലെബനനിലെ ഒരു പ്രദേശവും പിടിച്ചെടുക്കാൻ ഇസ്രായേലി സൈനികർക്ക് കഴിഞ്ഞിട്ടില്ലെന്ന് അഫിഫ് പറഞ്ഞു.
ഹിസ്ബുള്ളയുടെ പക്കൽ ദീർഘകാല യുദ്ധത്തിനായുള്ള ആയുധങ്ങളും വസ്തുക്കളും ഉണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അഫീഫിന്റെ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണത്തിൽ ഹിസ്ബുള്ളയുടെ മീഡിയ റിലേഷൻ ഓഫീസ് ദുഃഖം രേഖപ്പെടുത്തി.