ന്യൂഡൽഹി: ബോർഡർ-ഗവാസ്‌കർ ട്രോഫി യുടെ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമ്മ കളിക്കില്ല. രോഹിത്തിന്റെ അഭാവത്തിൽ ടീം ഇന്ത്യയെ വൈസ് ക്യാപ്റ്റൻ പേസർ ജസ്പ്രീത് ബുമ്ര നയിക്കും. ഭാര്യ റിതിക രണ്ടാമത്തെ കുട്ടിക്ക് ജന്മം നൽകിയ സാഹചര്യത്തിൽ കുടുംബത്തിനൊപ്പം കൂടുതൽ സമയം ആവശ്യമാണെന്ന് രോഹിത്ത് ബിസിസിഐയെ അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം.
ഓസ്‌ട്രേലിയക്കെതിരെ നവംബർ 22 ന് ആരംഭിക്കുന്ന പെർത്ത് ടെസ്റ്റിൽ ബാറ്റർ ശുഭ്മാൻ ഗില്ലും കളിച്ചേക്കില്ല. പരിശീലനത്തിനിടെ ഗില്ലിന്റെ തള്ളവിരലിന് പരിക്കേറ്റിരുന്നു. രോഹിത്തിന്റെ അഭാവത്തിൽ ഇന്ത്യ എ ടീമിനൊപ്പം പര്യടനം നടത്തുകയായിരുന്ന ദേവദത്ത് പടിക്കലിനോട് ഓസ്‌ട്രേലിയയിൽ തന്നെ തുടരാൻ സെലക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. പെർത്തിലെ ഓപസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ രോഹിത്തിന് പകരം 18 അംഗ ടീമിൽ പടിക്കലിനെയും ഉൾപ്പെടുത്തിയേക്കും.
പരിക്കേറ്റ ഗിൽ ആദ്യ ടെസ്റ്റിന് ഇല്ലെന്ന് ഉറപ്പായതോടെ പകരക്കാരനായി കെഎൽ രാഹുൽ പ്ലേയിംഗ് ഇലവനിൽ ഇടം പിടിച്ചേക്കും. വിക്കറ്റ് കീപ്പറായ ധ്രുവ് ജുറേലും ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും സാധ്യതാ പട്ടികയിലുണ്ട്. ഒന്നും രണ്ടും ടെസ്റ്റുകൾ തമ്മിൽ ഒൻപത് ദിവസത്തെ വ്യത്യാസമുണ്ട്. അതിനാൽ ഡിസംബർ ആറിന് അഡ്‌ലെയ്ഡിൽ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ രോഹിത്ത് ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ.