ആലപ്പുഴ: കരുനാഗപ്പള്ളിയിൽ നിന്നും കാണാതായ 48 കാരിയുടെ മൃതദേഹം കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പ്രതിയായ ജയചന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ വീടിന് സമീപത്തായി നിർമാണത്തിലിരിക്കുന്ന വീട്ടുപരിസരത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
നവംബർ 6 നാണ് വിജയലക്ഷ്മിയെ കാണാതായത്. 6-ാം തീയതി വൈകിട്ട് കൊലപാതകം നടന്നുവെന്നാണ് പൊലീസ് പറയുന്നത്. അമ്പലപ്പുഴയിലെ സ്വന്തം വീട്ടിലേക്ക് വിജയലക്ഷ്മിയെ എത്തിച്ച പ്രതി ഇവരുമായി തർക്കത്തിലേർപ്പെടുകയും പ്രകോപനത്തിൽ തള്ളുകയുമായിരുന്നു.
ഇതോടെ യുവതി കട്ടിലിൽ തലയിടിച്ച് വീഴുകയായിരുന്നുവെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. നിർമാണത്തിലിരിക്കുന്ന വീട്ടിൽ വിജയലക്ഷ്മിയുടെ മൃതദേഹം എത്തിച്ച പ്രതി, യുവതിയുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കി. തുടർന്ന് വീടിന് പരിസരത്ത് മൃതദേഹം കുഴിച്ചിടുകയായിരുന്നു.
മത്സ്യത്തൊഴിലാളിയാണ് ജയചന്ദ്രൻ. ഇയാളും വിജയലക്ഷ്മിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാളുടെ സാന്നിധ്യത്തിൽ മറ്റൊരാളുമായി വിജയലക്ഷ്മി ഫോണിൽ സംസാരിച്ചതാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. നവംബർ 13ന് വിജയലക്ഷ്മിയെ കാണിനില്ലെന്ന ബന്ധുവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണമാണ് ജയചന്ദ്രനിലെത്തിയത്.
കൊലപാതകത്തിന് ശേഷം വിജയലക്ഷ്മിയുടെ ഫോൺ എറണാകുളത്തെ കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സെൻട്രൽ പൊലീസാണ് കരുനാഗപ്പള്ളി പൊലീസിന് ഫോൺ കൈമാറിയത്. ഇതോടെ അന്വേഷണ സംഘം ജയചന്ദ്രനിലേക്കെത്തുകയായിരുന്നു.