വെള്ളത്തിന്റെ സാന്നിധ്യമുണ്ടെങ്കിൽ അവിടെ ജീവന്റെ തുടിപ്പും ഉണ്ടാകുമെന്നാണ് ശാസ്ത്രലോകത്തിന്റ അനുമാനം. സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങളിൽ ജലത്തിന്റെയും ജീവന്റെ സാന്നിധ്യവുമുണ്ടോയെന്നറിയാനായി ആഗോളതലത്തിൽ തന്നെ വിവിധ പരീക്ഷണങ്ങളും ദൗത്യങ്ങളുമാണ് നടക്കുന്നത്. എന്നാൽ അത്തരത്തിൽ നടത്തിയൊരു പരീക്ഷണം ഒരു ഗ്രഹത്തിലെ ആകെ ജീവനുകൾ ഇല്ലാതാക്കിയെന്ന ഞെട്ടിക്കുന്ന പഠന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.
ചൊവ്വയിലെ ജീവന്റെ തുടിപ്പ് നശിപ്പിച്ചതിന് പിന്നിൽ നാസയുടെ വൈക്കിംഗ് ദൗത്യമാകാമെന്ന കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ജർമ്മനിയിലെ ബെർലിനിലെ സാങ്കേതിക സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ ഡിർക്ക് ഷൂൾസ്-മാകൂച്ച്. ചൊവ്വയിലേക്ക് ആദ്യമായി ബഹിരാകശ പേടകത്തെ അയച്ചത് 70-കളിൽ നാസയുടെ വൈക്കിംഗ് ദൗത്യങ്ങളാണ്. 1975-ൽ വിക്ഷേപിച്ച വൈക്കിംഗ്-1 1976-ലാണ് ചൊവ്വയുടെ ഉപരിതലത്തിലിറങ്ങിയത്. ചൊവ്വയുടെ പരിസ്ഥിതിയെ കുറിച്ചും ഉപരിതലത്തെ കുറിച്ചും പഠിച്ച് ജീവന്റെ സാന്നിധ്യമുണ്ടോയെന്ന കണ്ടെത്തുകയായികരുന്നു ലക്ഷ്യം. ഈ ദൗത്യത്തിനിടെ ചൊവ്വയിലെ ജീവജാലങ്ങൾ നശിക്കപ്പെട്ടെന്നാണ് ഗവേഷകന്റെ വാദം. സൂക്ഷ്മജീവികളുടെ സാന്നിധ്യം കണ്ടെത്താൻ നടത്തിയ പഠനം തിരിച്ചടിച്ചു.
പേടകത്തിലെ വൈക്കിംഗ് 1, വൈക്കിംഗ് 2 എന്നീ ലാൻഡറുകളാണ് ചൊവ്വയുടെ ഉപരിതലത്തിലിറങ്ങിയത്. ഭൂമിക്ക് സമാനമായി ജീവന് നിലനിർത്താൻ വെള്ളം അനിവാര്യമാണെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വയിലെ മണ്ണിൽ വെള്ളവും മറ്റ് പോഷകങ്ങളും കലർത്തിയാണ് പരീക്ഷണം നടത്തിയത്. പ്രാരംഭ ഫലങ്ങൾ ജീവന്റെ സാധ്യതകളെ കുറിച്ച് സൂചനകൾ നൽകിയെങ്കിലും പിന്നീട് നടത്തിയ ദൗത്യങ്ങൾക്കൊന്നും തന്നെ ഇത് തെളിയിക്കാൻ കഴിഞ്ഞില്ല. ഇതോടെ പതിറ്റാണ്ടുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ ദൗത്യത്തിലെ കണ്ടെത്തലുകൾ തെറ്റാണെന്ന നിഗമനത്തിലേക്ക് ശാസ്ത്രലോകം എത്തിച്ചേർന്നിരുന്നു.
വൈക്കിംഗ് ദൗത്യത്തിന് അഞ്ച് പതിറ്റാണ്ടിന് ശേഷമാണ് പുതിയ നിഗമനം. വെള്ളം കലർത്തി പഠനം നടത്തിയതിനാൽ അവിടുള്ള ജീവജാലങ്ങൾ ചത്തുപോയിട്ടുണ്ടാകാമെന്നാണ് മകൂച്ച് അഭിപ്രായപ്പെടുന്നത്. വെള്ളവും ഈർപ്പവും ഇല്ലാതെ ജീവൻ നിലനിർത്താൻ സാധിക്കുന്ന സൂക്ഷ്മജീവികൾ ചൊവ്വാഗ്രഹത്തിൽ ഉണ്ടായിരുന്നേക്കാം. അതാകും വൈക്കിംഗ് ദൗത്യത്തിൽ ജീവന്റെ സാന്നിധ്യത്തിന്റെ സൂചന ലഭിച്ചത്. എന്നാൽ വെള്ളം ചേർത്തതോടെ അന്തരീക്ഷത്തിൽ ഈർപ്പം നിലനിൽക്കാൻ കാരണമായി അതേ അവ നശിച്ചു പോയേക്കാം. ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശമായ അറ്റക്കാമ മരുഭൂമിയിൽ വരെ സൂക്ഷ്മജീവികൾ വസിക്കുന്നു. വെള്ളമില്ലാതെ അതിജീവിക്കാൻ കഴിയുമെന്നതിന്റെ തെളിവാണിത്. 2015-ൽ അറ്റക്കാമയിൽ പെയ്ത മഴ 80 ശതമാനത്തോളം വരെ സൂക്ഷ്മജീവികളുടെ നാശത്തിന് കാരണമായി. അമിതമായ ഈർപ്പമായിരുന്നു ഇതിന് പിന്നിലെ കാരണം. ഇതുതന്നെയാകും ചൊവ്വയിലും സംഭവിച്ചതെന്നാണ് ഗവേഷകൻ്രെ അഭിപ്രായം.
നൂതന സംവിധാനങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് ചൊവ്വയിൽ പഠനം നടത്തണമെന്നും മകൂച്ച് അഭിപ്രായപ്പെട്ടു. ജലത്തിന്റെ സഹായത്തോടെയയാണ് ഭൂമിക്ക് പുറത്തെ ജീവൻ കണ്ടെത്താൻ നാസ പരീക്ഷണങ്ങൾ നടത്തിയിരുന്നത്. നാസയുടെ ഈ സിദ്ധാന്തത്തിന് വെല്ലുവിളിയായിരിക്കുകയാണ് പുതിയ പഠനം.














