താരപദവിയിലേക്കുള്ള യാത്രയെക്കുറിച്ചും കരിയറിന്റെ തുടക്കത്തിലെ വെല്ലുവിളികളെകകുറിച്ചും മനസുതുറന്ന് ഷാരൂഖ് ഖാൻ. കരിയറിൽ സംഭവിച്ച പരാജയങ്ങൾ, അതിനെ കൈകാര്യം ചെയ്ത രീതി എന്നിവയെല്ലാം അദ്ദേഹം വെളിപ്പെടുത്തി. ദുബായിൽ നടന്ന ആഗോള ചരക്ക് ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. എന്തെങ്കിലും വർക്കൗട്ട് ആയില്ലെങ്കിൽ ലോകം മുഴുവൻ നമുക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്ന് കരുതേണ്ടതില്ല. അനവധിയായ മറ്റെന്തെങ്കിലും കാരണത്താലായിരിക്കും അത് പ്രായോഗികമാകാതെ പോയതെന്ന് ചിന്തിക്കാൻ നാം തയ്യാറാകണമെന്നും ഷാരൂഖ് ഖാൻ പറഞ്ഞു.
“പരാജയങ്ങൾ സംഭവിക്കുമ്പോൾ പരാജയത്തെക്കുറിച്ച് ചിന്തിച്ചിരിക്കാതെ ആത്മപരിശോധന നടത്താൻ തയ്യാറാകണം. ഒരു സിനിമ ബോക്‌സ് ഓഫീസിൽ മോശം പ്രകടനം കാഴ്ചവെക്കുമ്പോൾ അത് ആരുടെയെങ്കിലും ‘ഗൂഢാലോചന’ കൊണ്ടാകില്ല. മറിച്ച് പ്രേക്ഷകരുമായി ആശയവിനിമയം നടത്തുന്നതിലെ പരാജയമായിരിക്കാം. ഞാൻ സ്വയം വിമർശിക്കാറുണ്ട്. ബാത്ത്റൂമിൽ ചെന്നിരുന്ന് ഒരുപാട് കരയും. അത് ചെയ്യാൻ ഇഷ്ടപ്പെടുന്നില്ല, എന്നിരുന്നാലും.. അത്തരം സന്ദർഭങ്ങളിൽ ഞാൻ ആരുടെയും മുൻപിലേക്ക് പോകാറില്ല. നിങ്ങളുടെ ഒരു സിനിമ വർക്കൗട്ടായില്ലെങ്കിൽ അത് നിങ്ങൾ കാരണമോ മറ്റെന്തെങ്കിലും ഗൂഢാലോചന കാരണമോ ആയിരിക്കില്ല, ആ സിനിമ മോശമായാണ് ചെയ്തിരിക്കുന്നതെന്ന് നിങ്ങൾ അംഗീകരിക്കാൻ തയ്യാറാകണം. എന്നിട്ട് അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകണം.
പരാജയപ്പെടുമ്പോൾ, നിങ്ങളുടെ ഉൽപ്പന്നമോ സേവനമോ ജോലിയോ തെറ്റായി പോയി എന്ന് നിങ്ങൾ വിശ്വസിക്കരുത്. നിങ്ങൾ നിലകൊള്ളുന്ന ആവാസവ്യവസ്ഥയുടെ പ്രത്യേകതയായിരിക്കാം അപ്രതീക്ഷിതമായ ഫലം നൽകിയത്. അതിനാൽ ഒരു ഉത്പന്നം മാർക്കറ്റിലേക്ക് ഇറങ്ങുമ്പോൾ ആളുകൾ എങ്ങനെ പ്രതികരിക്കുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കണം. നിങ്ങളുടെ പ്രൊഡക്ട് അടിപൊളിയാണ് എന്ന് കരുതിയിരുന്നിട്ട് കാര്യമില്ല. ആളുകളുടെ പ്രതികരണമനുസരിച്ച് ഉത്പന്നത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം.
ഭൂതകാലത്തേക്ക് പോയി യുവ ഷാരൂഖിനെ കണ്ട് എന്തെങ്കിലും ഉപദേശം നൽകാൻ ഞാൻ താത്പര്യപ്പെടുന്നില്ല. എനിക്ക് 27 വയസുള്ള മകനും 23.5 വയസുള്ള മകളും 11 വയസുള്ള മറ്റൊരു മകനും തനിക്കുണ്ട്. അവരോട് സംസാരിക്കുമ്പോഴാണ് അത് മനസിലായത്. 25-26 വയസുള്ള സമയത്ത് ഞാൻ സ്വകീരിച്ച തീരുമാനങ്ങളെ തിരിച്ചെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ അനുഭവസമ്പത്തിലൂടെ ഇന്നതിനെ നോക്കിക്കാണുമ്പോൾ മനസിലാക്കാൻ കഴിയുന്നുണ്ട്. അന്ന് ഞാനെടുത്ത ആ തീരുമാനങ്ങളാണ് ഇന്ന് എന്നെ ഇവിടെ വരെയെത്തിച്ചത്. അതുകൊണ്ട് യുവ ഷാരൂഖിനെ കണ്ടാലും അവനെ ഉപദേശിക്കാൻ എനിക്കൊന്നുമില്ല. – ഷാരൂഖ് പറഞ്ഞു.