പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ജനങ്ങൾ വിധിയെഴുതി. ഫലമറിയാൻ ഇനി രണ്ടു ദിവസത്തെ കാത്തിരിപ്പ്.. 70.51 ശതമാനം പോളിംഗാണ് പാലക്കാട് രേഖപ്പെടുത്തിയത്. വികസന അജണ്ട വോട്ടായി മാറുമെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാർ.
രാവിലെ ഏഴ് മണി മുതൽ തന്നെ പോളിംഗ് ആരംഭിച്ചിരുന്നു. തുടക്കത്തിൽ കൂടുതൽ ആളുകൾ പോളിംഗ് ബൂത്തിലേക്ക് എത്തിയെങ്കിലും പിന്നീട് മന്ദഗതിയിലായി. വൈകിട്ടോടെ പോളിംഗ് ബൂത്തുകൾ വീണ്ടും സജീവമാവുകയാണ് ചെയ്തത്. പ്രചാരണ സമയത്ത് വികസനം മാത്രം ചർച്ച ചെയ്തത് ഇത്തവണ അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് NDA സ്ഥാനാർഥി സി. കൃഷ്ണകുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അയ്യപുരം കൽപാത്തി ജിഎൽപി സ്കൂളിലെ 25-ാം നമ്പർ ബൂത്തിലാണ് NDA സ്ഥാനാർത്ഥി വോട്ട് രേഖപ്പെടുത്തിയത്. ഇടത് സ്വതന്ത്രനായി മത്സരിച്ച മുൻ കോൺഗ്രസ് പ്രവർത്തകൻ പി സരിനും മണ്ഡലത്തിൽ വോട്ടുണ്ടായിരുന്നു. മണപ്പുള്ളിക്കാവ് ട്രൂ ലൈൻ പബ്ലിക് സ്കൂളിലാണ് സരിൻ വോട്ട് ചെയ്തത്. ഇതിനിടെ വെണ്ണക്കര ബൂത്തിൽ കോൺഗ്രസ് പ്രവർത്തകരോടൊപ്പമെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ അൽപം ഷൈൻ ചെയ്തത് സംഘർഷത്തിന് വഴിവച്ചു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വെറും 3,859 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു UDF സ്ഥാനാർത്ഥി ഷാഫി പറമ്പിൽ വിജയിച്ചത്. ചെറിയ ഭൂരിപക്ഷത്തിന്റെ വിജയമായതിനാൽ ഇത്തവണ മണ്ഡലം പിടിച്ചെടുക്കാനുള്ള ശക്തമായ പ്രചാരണ പ്രവർത്തനങ്ങളായിരുന്നു NDAയുടെ ഭാഗത്തു നിന്നുമുണ്ടായത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും ഇത്തവണ വിജയം ഉറപ്പിച്ചിരിക്കുകയാണ് എൻഡിഎ ക്യാമ്പ്. മൂന്ന് മുന്നണികളും ശക്തമായ പോരാട്ടം കാഴ്ചവച്ച മണ്ഡലത്തിൽ പ്രവചനാതീതമാണ് ഫലം.