പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം എൻഡിഎയ്‌ക്ക് കാഴ്ചവയ്‌ക്കാൻ സാധിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകളേക്കാൾ അൽപം കുറവ് വന്നിട്ടുണ്ടെങ്കിലും ആത്മപരിശോധന നടത്തി ജനങ്ങൾക്കൊപ്പം കൂടെ നിൽക്കുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
” സംസ്ഥാന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം പരിശോധിച്ചാൽ ഒട്ടുമിക്ക ഉപതെരഞ്ഞെടുപ്പുകളിലും എൻഡിഎയ്‌ക്ക് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. സംസ്ഥാന ഉപതെരഞ്ഞെടുപ്പുകളുടെ എല്ലാ ഘട്ടങ്ങളും പരിശോധിച്ചാൽ വോട്ടുകൾ കുറയുന്ന സാഹചര്യമുണ്ടായിട്ടുണ്ടെങ്കിലും ഓരോ സ്ഥലത്തും മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ എൻഡിഎയ്‌ക്ക് സാധിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിനെതിരെ ശക്തമായ ജനവികാരമുണ്ടായിരുന്നിട്ട് പോലും ചേലക്കരയിൽ പ്രതിപക്ഷമായ യുഡിഎഫിന് വിജയിക്കാൻ സാധിച്ചില്ല. സ്വതന്ത്രസ്ഥാനാർത്ഥിയെ നിർത്തി ഉജ്ജ്വലമായ വിജയം പാലക്കാട് നേടുമെന്ന് എൽഡിഎഫും പറഞ്ഞിരുന്നു. അവർക്കും വിജയിക്കാൻ സാധിച്ചില്ല. ചേലക്കരയിൽ എൻഡിഎയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വർഷത്തെക്കാൾ 10,000 ലധികം വോട്ടുകൾ നേടാൻ സാധിച്ചു.”- കെ സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ വർഷത്തെ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ വോട്ട് ഇത്തവണ കുറഞ്ഞിട്ടുണ്ട്. മെട്രോമാൻ ഇ ശ്രീധരൻപിള്ളയ്‌ക്ക് ലഭിച്ചതെല്ലാം രാഷ്‌ട്രീയ വോട്ടുകളല്ലായിരുന്നു. എന്നാൽ ഇത്തവണ ലഭിച്ചതെല്ലാം രാഷ്‌ട്രീയ വോട്ടുകളാണ്. എന്നാൽ വോട്ടുകളിൽ കുറവ് വന്നതെങ്ങനെ എന്നതിൽ ആത്മപരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വർഗീയ ശക്തികളെ കൂട്ടുപിടിച്ച് പ്രചാരണം നടത്താനും കൃത്യമായി വിനിയോഗിക്കാനും യുഡിഎഫിന് സാധിച്ചു. വർഗീയ രാഷ്‌ട്രീയത്തെ കൂട്ടുപിടിച്ച് നേടിയ വിജയമാണ് യുഡിഎഫിന്റേത്. സിപിഎമ്മിന്റെ കള്ളപ്രചാരണങ്ങൾ ശക്തമായി പ്രതിരോധിക്കാൻ എൻഡിഎയ്‌ക്ക് സാധിച്ചുവെന്നാണ് വിലയിരുത്തുന്നതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയത്തിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞെത്തിയത് എസ്ഡിപിഐ ജില്ലാ നേതൃത്വമായിരുന്നു. വോട്ടുകൾ ഉറപ്പാക്കാൻ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ഖുർആനിൽ തൊട്ട് സത്യം ചെയ്യിപ്പിച്ചുവെന്ന് ഉൾപ്പെടെയുള്ള ആരോപണം നിലനിൽക്കെയാണ് രാഹുൽമാങ്കൂട്ടത്തിലിന്റെ വിജയത്തിൽ നന്ദി പറഞ്ഞ് എസ്ഡിപിഐ രംഗത്തെത്തിയത്.















