മുംബൈ: മഹാരാഷ്‌ട്രയിലെ തിരിച്ചടി വിശ്വസിക്കാതെ ഉദ്ധവ് താക്കറെ. നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി അവിശ്വസനീയമാണെന്ന പ്രതികരണമാണ് ശിവസേന (UTB) അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ നടത്തിയത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം
മഹാരാഷ്‌ട്രയിലെ ജനങ്ങളുടെ പിന്തുണയ്‌ക്ക് നന്ദി പറഞ്ഞ ഉദ്ധവ്, എൻഡിഎയുടെ വിജയത്തിന്റെ വ്യാപ്തിയെ ചോദ്യം ചെയ്യുകയായിരുന്നു. “ഇതെന്താ വോട്ടുകളുടെ സുനാമിയോ? തരംഗമല്ല ഇവിടെയുണ്ടായത്. തിരമാലയേക്കാൾ ഉപരിയായി സുനാമി സംഭവിച്ചെന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നു. കഷ്ടപ്പെടുന്ന കർഷകർ, തൊഴിലില്ലായ്മ, ഇതെല്ലാമുണ്ടായിട്ടും സുനാമി പോലെ വോട്ടു ലഭിക്കാൻ അവരെന്താണ് ചെയ്തതെന്ന് മനസിലാകുന്നില്ല.” – ഉദ്ധവ് പറഞ്ഞു. മഹാവികാസ് അഘാഡി സഖ്യം തകർന്നടിഞ്ഞതിന് പിന്നാലെ അദ്ദേഹം നടത്തിയ ആദ്യ പ്രതികരണമാണിത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിന്റെ വിശ്വാസ്യതയിൽ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലെയൊരു ജനവിധി ജനങ്ങൾ നൽകുമെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു ഉദ്ധവിന്റെ വാക്കുകൾ.
മഹായുതി സഖ്യത്തിന് മിന്നും വിജയം നൽകുന്ന ഫലമായിരുന്നു പുറത്തുവന്നത്. ആകെയുള്ള 288 സീറ്റുകളിൽ 231 സീറ്റുകളിലും മഹായുതി സഖ്യം നേട്ടം കൊയ്തു. വെറും 48 സീറ്റുകളിലാണ് ഉദ്ധവും ശരദ് പവാറും കോൺഗ്രസും നയിക്കുന്ന മഹാവികാസ് അഘാഡി സഖ്യം മുന്നിട്ടുനിന്നത്. ഭരണവിരുദ്ധ വികാരത്തിന്റെ പേരിൽ മുന്നേറ്റം നടത്താനുള്ള സാഹചര്യമുണ്ടായിരുന്നെങ്കിലും അവസരത്തെ വേണ്ടവിധം വിനിയോഗിക്കാൻ എംവിഎ സഖ്യത്തിന് കഴിഞ്ഞിരുന്നില്ല. വികസനത്തിലൂന്നിയ മഹായുതി സഖ്യത്തിന്റെ ഭരണം മഹാരാഷ്‌ട്രയുടെ മണ്ണിൽ തുടർച്ചയായി അവസരം നേടിക്കൊടുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജനവിധി വിശ്വസിക്കാൻ കഴിയുന്നില്ലെന്ന പ്രതികരണവുമായി ഉദ്ധവ്എത്തിയത്.