തനിക്ക് ചുറ്റും നടന്നതും നേരിട്ട് കണ്ടിട്ടുള്ളതുമൊക്കെയാണ് കഥയാക്കുന്നതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. വർഷങ്ങൾക്ക് മുമ്പ് നടന്ന മിഷേൽ കേസിനെ ആസ്പദമാക്കി ഒരുക്കിയ ‘ആനന്ദ് ശ്രീബാല’ മികച്ച കളക്ഷൻ നേടി ബോക്സോഫീസിൽ കുതിക്കുന്നതിനിടെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ളയുടെ പ്രതികരണം. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് അഭിലാഷ് പിള്ള.
എനിക്ക് നേരിട്ടറിയാവുന്ന സംഭവമാണ് മിഷേൽ കേസ്. അത് എപ്പോഴെങ്കിലും സിനിമയാക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. എനിക്ക് ചോദിക്കാനുള്ള ചോദ്യങ്ങളാണ് സിനിമയിൽ കൊണ്ടുവന്നിരിക്കുന്നത്. ചില കേസുകൾ മനസിനെ വല്ലാതെ തൊടും. അതുകൊണ്ടാണ് ഈ കേസ് ഞാൻ കഥയാക്കിയത്.
സിനിമ തുടങ്ങിയപ്പോൾ ഞങ്ങൾ ഇത് ശരിക്കും അന്വേഷിക്കുന്നത് പോലെയാണ് തോന്നിയത്. സിനിമയിൽ നിന്നും മാറി കേസിലേക്ക് പോവുകയാണോ എന്ന് ഞാൻ പല തവണ വിഷ്ണുവിനോട് ചോദിച്ചിട്ടുണ്ട്. ചില സീനുകളൊക്കെ ചെയ്യുമ്പോൾ എന്തായിരിക്കും പ്രേക്ഷകരുടെ പ്രതികരണം എന്ന് ഞാൻ ഭയപ്പെട്ടിരുന്നു. ഇതിന്റെ എതിർവശത്തുള്ള ആളുകളെ ഇതെങ്ങനെ ബാധിക്കുമെന്ന് ചിന്തിച്ചിരുന്നു.
ചില കാര്യങ്ങളിൽ നമ്മൾ ശബ്ദിക്കണം. അതിനുള്ള ഞങ്ങളുടെ ഒരു മീഡിയമാണ് സിനിമ. മിഷേലിന് എന്ത് സംഭവിച്ചുവെന്നത് സമൂഹത്തിന്റെ ചോദ്യമാണ്. സിനിമ കണ്ടിറങ്ങിയ ശേഷം മിഷേലിന്റെ അച്ഛൻ ഞങ്ങളെ കെട്ടിപ്പിടിച്ച് കരഞ്ഞു. എന്റെ സഹോദരൻ മരിച്ചപ്പോൾ ഇതേ വിഷമത്തിലൂടെയാണ് ഞാനും കുടുംബവും കടന്നുപോയത്. ഞാൻ ഇതുവരെ ചെയ്തതിലും ഇനി ചെയ്യാൻ പോകുന്നതിലും എന്നും എന്റെ പ്രിയപ്പെട്ട തിരക്കഥയായിരിക്കും ആനന്ദ് ശ്രീബാല.
ഒരിക്കലും പൊലീസിന് എതിരെയല്ല ഞങ്ങൾ സംസാരിക്കുന്നത്. പൊലീസിന് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തേണ്ട ഉത്തരവാദിത്തം പൊലീസിന് തന്നെയാണ്. കേരള പൊലീസിനെതിരെ ഇതുവരെ ഞാനൊരു സിനിമയും ചെയ്തിട്ടില്ല. അങ്ങനെയാണെങ്കിൽ ഇവിടെ ഒരു സിനിമയും ചെയ്യാൻ പറ്റില്ല. ഇതിന്റെ പേരിൽ സിനിമ ചെയ്യാൻ കഴിയാതെ വന്നാലും കുഴപ്പമില്ല. വെറെ ജോലി ചെയ്ത് ജീവിക്കുമെന്നും അഭിലാഷ് പിള്ള പറഞ്ഞു.