ഇസ്ലാമാബാദ്: മാസങ്ങളായി ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് പാകിസ്താനിൽ പ്രതിഷേധം ശക്തമാകുന്നു. ലക്ഷക്കണക്കിന് ആളുകളാണ് വിവിധ നഗരങ്ങളിൽ നിന്നായി ഇസ്ലാമാബാദിലേക്ക് പ്രതിഷേധവുമായി എത്തിക്കൊണ്ടിരിക്കുന്നത്. ഇമ്രാന്റെ പാർട്ടിയായ തെഹ്രീകെ ഇൻസാഫ് അനുയായികൾ ഇസ്ലാമാബാദിലേക്ക് വലിയ ബോട്ടുകളിലായി പുഴ കടന്ന് എത്തുന്നതിന്റെ ദൃശ്യങ്ങളടക്കം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
പിടിഐ പതാകകളുമായി നൂറ് കണക്കിന് ബോട്ടുകളാണ് മേഖലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് പുറമെ ടയറുകളിലും ചെറുവള്ളങ്ങളിലുമെല്ലാം ആളുകൾ ഇവിടേക്ക് എത്തുന്നുണ്ട്. പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ പാകിസ്താനിൽ പലയിടങ്ങളിലും ഇന്റർനെറ്റ് സേവനങ്ങളടക്കം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അതേസമയം പാക് ഭരണകൂടത്തിനെതിരെ ഇമ്രാൻ അനുകൂലികൾ നടത്തിയ പ്രകടനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് പേർ
കൊല്ലപ്പെടുകയും 70ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍
പൊലീസ് കോൺസ്റ്റബിളാണെന്നാണ് വിവരം.
പ്രതിഷേധക്കാരെ നേരിടാൻ സൈന്യം കണ്ണീർ വാതകവും ഗ്രനേഡുകളും ഉപയോഗിക്കുന്നതായി പിടിഐ ആരോപിച്ചു. മേഖലയിൽ സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയാണെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2023 ഓഗസ്റ്റിൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് ഇമ്രാനെ ജയിലിലേക്ക് മാറ്റുന്നത്. പാർലമെന്റിന് സമീപം ഒത്തുകൂടാൻ തെഹ്രീരികെ ഇൻസാഫ് പാർട്ടി നേതാക്കൾ അനുയായികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇസ്ലാമാബാദിൽ ആളുകൾ കൂട്ടം ചേരുന്നതിന് ഉൾപ്പെടെ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ഇതെല്ലാം മറികടന്നാണ് ഇമ്രാൻ ഖാന്റെ അനുയായികൾ ഇവിടേക്ക് ഒഴുകിയെത്തുന്നത്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ഇവിടെ തുടരുമെന്നും പ്രതിഷേധക്കാർ മുന്നറിയിപ്പ് നൽകുന്നു.