ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യത്തിന്റെ നട്ടെല്ലായ ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ 75-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം. ഭരണഘടന രൂപം കൊണ്ട പഴയ പാർലമെന്റ് മന്ദിരത്തിന്റെ സെൻട്രൽ ഹാളിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു. ഭരണഘടനയാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയെന്ന് രാഷ്‌ട്രപതി വ്യക്തമാക്കി.
” ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്നത് ഭരണഘടനയാണ്. രാജ്യം നടത്തിയ മുന്നേറ്റങ്ങൾ അടിവരയിടുന്നതും രാജ്യത്തെ ഓരോ വ്യക്തികളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നത് ഭരണഘടനയിലൂടെയാണ്. രാജ്യത്തിന്റെ പവിത്രമായ ഗ്രന്ഥമാണിത്.”- ദ്രൗപദി മുർമു പറഞ്ഞു.
President Droupadi Murmu addresses the joint sitting of both Houses of Parliament on Constitution Day
President Murmu says “…I urge all citizens to imbibe the constitutional ideals into their behaviour and do their fundamental duties, and work towards achieving the national… pic.twitter.com/dwSq4F4oCu
— ANI (@ANI) November 26, 2024
75 വർഷങ്ങൾക്ക് മുമ്പ് രാജ്യത്തിനായി ഭരണഘടന സമർപ്പിച്ചു. പവിത്രമായ ഈ ഗ്രന്ഥത്തിനും നിയമനിർമാണത്തിനുമായി പിന്നിൽ പ്രവർത്തിച്ച ഓരോ മഹാന്മാരെയും ഈ അവസരത്തിൽ അനുസ്മരിക്കുന്നുവെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു. ഭരണഘടനയുടെ 75-ാം വാർഷികം ഭാരതം വിപുലമായി ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾ പിന്നിടുമ്പോൾ ആസാദി കാ അമൃത് മഹോത്സവം ആഘോഷിച്ചു. ഇപ്പോൾ ഭരണഘടനയുടെ 75-ാം വാർഷികവും ആഘോഷിക്കുകയാണെന്നും ദ്രൗപദി മുർമു വ്യക്തമാക്കി.
ഭരണഘടനയിലൂടെ സാമൂഹിക നീതിയും വികസന ലക്ഷ്യങ്ങളും ഓരോരുത്തരും നേടിയെടുത്തു. രാജ്യത്തെ ഓരോ പൗരന്മാരും ഭരണഘടനാപരമായ ആദർശങ്ങൾ ജീവിതത്തിൽ ഉൾക്കൊണ്ട് അവരുടെ മൗലിക കർത്തവ്യങ്ങൾ നിർവഹിക്കാനും 2047 ഓടെ വികസിത ഭാരതമെന്ന രാഷ്‌ട്രത്തിന്റെ സ്വപ്‌നത്തിൽ പങ്കാളികളാകാനും ശ്രമിക്കണമെന്നും ദ്രൗപദി മുർമു പറഞ്ഞു.
ഭരണഘടനയുടെ 75-ാം വാർഷിക ദിനാഘോഷങ്ങളുടെ ഭാഗമായി ഭരണഘടനയുടെ സംസ്‌കൃത പതിപ്പും, 75 രൂപ നാണയവും, സ്റ്റാമ്പും കേന്ദ്രസർക്കാർ പുറത്തിറക്കി. ഒരു വർഷത്തെ ആഘോഷങ്ങൾക്കാണ് ഇന്ന് തുടക്കം കുറിച്ചത്. ‘ നമ്മുടെ ഭരണഘടന, നമ്മുടെ അഭിമാനം’ എന്ന പ്രമേയത്തിലാണ് കേന്ദ്രസർക്കാർ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.















