പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി ഗർഭിണിയാണെന്ന് തെളിഞ്ഞതോടെയാണ് പോക്സോ ചുമത്തിയത്. പനിബാധിച്ച് മരിച്ച പെൺകുട്ടി ഗർഭിണി ആണെന്ന് തെളിഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സഹപാഠിയായ ആൺകുട്ടിയുടെ രക്തസാമ്പിൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎ സാമ്പിളുകൾ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. സഹപാഠിയുടെ രക്തസാമ്പിളുമായി ചേർത്ത് പരിശോധന നടത്തിയ ശേഷം കുഞ്ഞിന്റെ പിതൃത്വം തെളിയുന്ന പക്ഷം അറസ്റ്റുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.
പനി ബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയായിരുന്നു 17കാരി മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടി അഞ്ച് മാസം ഗർഭിണിയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. വീട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.