പത്തനംതിട്ട: നവീൻ ബാബുവിന്റെ കുടുംബത്തോട് പിണറായി വിജയനും സർക്കാരും കൊടും ചതിയാണ് ചെയ്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം ആണെന്ന് വരുത്തി തീർക്കാനുള്ള നാടകമായിരുന്നു സർക്കാരിന്റേത്. പ്രത്യേക അന്വേഷണസംഘം ദിവ്യയെയും കളക്ടറെയും സംരക്ഷിക്കാൻ ശ്രമിക്കുവെന്നും സുരേന്ദ്രൻ ആരോപിച്ചു.
“കേരളത്തിന്റെ പൊതുസമൂഹത്തിനുമുന്നിൽ നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം ആണെന്ന് വരുത്തി തീർക്കാനുള്ള സർക്കാരിന്റെ നാടകമായിരുന്നു അരങ്ങേറിയത്. സിപിഎമ്മിന്റെയും സർക്കാരിന്റെയും കള്ളക്കളികൾ കുടുംബത്തിന് ബോധ്യമായി. അതിനാലാണ് കുടുംബം അവസാന ആശ്രയമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്,” സുരേന്ദ്രൻ പറഞ്ഞു. നവീൻബാബുവിന്റെ വീട്ടിലെത്തി കുടുംബത്തെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യഘട്ടം മുതൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും കണ്ണൂരിലെ പാർട്ടി ഘടകവും കൊലയാളികൾക്കൊപ്പമായിരുന്നു. എല്ലാ തെളിവുകളും നശിപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെയും ശ്രമം. കേസിന്റെ സത്യാവസ്ഥ പുറത്തുവരാൻ സിബിഐ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഹൈക്കോടതിയിൽ അനുകൂല വിധിയുണ്ടാകുമെന്നു തന്നെയാണ് ബിജെപിയുടെയും പ്രതീക്ഷയെന്ന് സുരേന്ദ്രൻ പറഞ്ഞു.















