പെരിന്തൽമണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്‌ത്തി മൂന്നര കിലോ സ്വർണം തട്ടിയ കേസിൽ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ അറസ്റ്റിലായി. 2018 സെപ്റ്റംബർ 25ന് ബാലഭാസ്കർ അപകടത്തിൽപ്പെടുമ്പോൾ കാർ ഓടിച്ചിരുന്നത് അർജുൻ ആയിരുന്നു. അർജുന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു.
ബാലഭാസ്കറിന്റെ പിതാവ് ഉണ്ണിയാണ് സ്വർണക്കടത്ത് സംഘത്തിന് വയലിനിസ്റ്റ് മരിച്ച അപകടവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർത്തിയത്. എന്നാൽ സിബിഐ അന്വേഷണത്തിലും തുമ്പൊന്നും കണ്ടെത്തിയിരുന്നില്ല. വാഹനം ഓടിച്ചത് ബാലഭാസകറെന്നായിരുന്നു അർജുന്റെ മൊഴിയെങ്കിലും പിന്നീട് ഇയാൾ തന്നെയാണ് വാഹനം ഓടിച്ചതെന്ന് അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അർജുൻ പ്രതിയായ സ്വർണം തട്ടൽ കേസ്. ഇതോടെ ബാലഭാസ്കറിന്റെ മരണം വീണ്ടും ചർച്ചയായി.
പെരിന്തൽമണ്ണയിൽ സ്വർണം തട്ടിയ സംഘത്തെ ചെറുപ്പുളശ്ശേരിയിലെത്തി മറ്റൊരു കാറിൽ കൂട്ടിക്കൊണ്ടുപോയത് അർജ്ജുനാണെന്ന് പൊലീസ് കണ്ടെത്തി. ഇയാൾ മറ്റ് ചില സ്വർണക്കടത്ത് കേസുകളിലും ബന്ധമുള്ളതായി സംശയമുണ്ട്. പുതിയ കേസിന് ബാലഭാസ്കറിന്റെ മരണവുമായി ബന്ധമില്ലാത്തതുകൊണ്ട് കൂടുതൽ അന്വേഷണം ആവശ്യമില്ലെന്ന് പെരിന്തൽമണ്ണ ഡിവൈ.എസ്പി ടി.കെ ഷൈജു പറഞ്ഞു. പ്രതികൾ കവർച്ച ചെയ്ത സ്വർണ്ണത്തിൽ 2.2 കിലോ സ്വർണവും, സ്വർണം വിറ്റുകിട്ടിയ പണവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.















