മോസ്‌കോ: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ട്രംപ് പരിചയസമ്പന്നനും ബുദ്ധിമാനുമായ രാഷ്‌ട്രീയ നേതാവാണെന്നാണ് പുടിൻ പ്രശംസിച്ചത്. എന്നാൽ തുടർച്ചയായി അദ്ദേഹത്തിന് നേരെയുണ്ടാകുന്ന വധശ്രമങ്ങൾക്ക് ശേഷം ട്രംപ് സുരക്ഷിതനാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും പുടിൻ പറയുന്നു.
ജൂലൈയിൽ പെൻസിൽവാനിയയിലുണ്ടായ വധശ്രമത്തിൽ ട്രംപിന് പരിക്കേറ്റിരുന്നു. ഇതിന് ശേഷം സെപ്തംബറിൽ ഫ്‌ളോറിഡയിലെ ഗോൾഫ് കോഴ്‌സിൽ വച്ചും ട്രംപിന് നേരെ ആക്രമണശ്രമം നടന്നിരുന്നു. അമേരിക്കൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഇടയിൽ നടന്ന ഈ സംഭവങ്ങൾ തന്നെ വളരെ അധികം ഞെട്ടിച്ചുവെന്നും പുടിൻ പറയുന്നു. കസാഖിസ്ഥാനിൽ വച്ച് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
” തികച്ചും അപരിഷ്‌കൃതമായ രീതിയിൽ അവർ ട്രംപിനെ നേരിട്ടുവെന്നേ എനിക്ക് പറയാൻ സാധിക്കൂ. അതും ഒന്നിലധികം തവണ വധശ്രമം വരെ ഉണ്ടായി. എന്റെ അഭിപ്രായത്തിൽ ട്രംപ് ഇപ്പോഴും സുരക്ഷിതനല്ല. യുഎസിന്റെ ചരിത്രത്തിൽ അത്തരത്തിൽ ദൗർഭാഗ്യകരമായ നിരവധി സംഭവങ്ങൾ നടന്നിട്ടുണ്ട്. പക്ഷേ ട്രംപ് ബുദ്ധിമാനാണ്. അദ്ദേഹം ഇതിലെല്ലാം ജാഗ്രത പുലർത്തുകയും, ഇക്കാര്യങ്ങളെല്ലാം വ്യക്തമായി മനസിലാക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നതെന്നും” പുടിൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് ട്രംപിന്റെ കുടുംബത്തിനെതിരെ രാഷ്‌ട്രീയ എതിരാളികൾ ഉന്നയിച്ച വിമർശനങ്ങൾ തന്നെ ഞെട്ടിച്ചുവെന്നും പുടിൻ പറയുന്നു. ” ട്രംപിന്റെ കുടുംബത്തേയും കുട്ടികളേയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് രാഷ്‌ട്രീയ എതിരാളികൾ വ്യക്തിഹത്യ നടത്തിയിരുന്നു. അത് വളരെ അരോചകമായി തോന്നി. അത്തരം രീതിയിൽ റഷ്യയിലെ കൊള്ളസംഘങ്ങൾ പോലും ഉപയോഗിക്കാറില്ല. യുക്രെയ്ൻ വിഷയത്തിൽ ട്രംപ് പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്നാണ് കരുതുന്നത്. യുഎസുമായി റഷ്യ ചർച്ചകൾക്ക് തയ്യാറാണെന്നും” പുടിൻ വ്യക്തമാക്കി.















