ന്യൂഡൽഹി: ഇഎസ്ഐ ഗുണഭോക്താക്കൾക്ക് സന്തോഷവാർത്ത. ആയുഷ്മാൻ ഭാരത്- പ്രധാനമന്ത്രി ജൻ ആരോഗ്യയോജന (എബി- പിഎം) പ്രകാരമുള്ള ആനുകൂല്യങ്ങൾ ഇഎസ്ഐ ഗുണഭോക്താക്കൾക്കും ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. 14.43 കോടി ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
രാജ്യത്തെ മുഴുവൻ തൊഴിലാളികൾക്കും ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കുമെന്ന് കേന്ദ്ര തൊഴിൽമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. ഇഎസ്ഐ പദ്ധതി പ്രകാരം നിലവിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് പുറമേയാണ് ആയുഷ്മാൻ ഭാരതിന്റെ
ഗുണവും ലഭിക്കുക. എബി- പിഎമ്മിൽ ഏകദേശം 30,000 ആശുപത്രികളാണ് എംപാനൽ ചെയ്തിരിക്കുന്നത്. ഈ ആശുപത്രികളിൽ നിന്ന് രണ്ടും മൂന്നും ഘട്ട ചികിത്സ ഇഎസ്ഐ ഗുണഭോക്താക്കൾക്ക് ലഭിക്കും.
165 ആശുപത്രികൾ, 1590 ഡിസ്പെൻസറികൾ, 105 ഡിസ്പെൻസറി കം ബ്രാഞ്ച് ഓഫീസുകൾ (ഡിസിബിഒകൾ), എംപാനൽ ചെയ്ത 2900 ഓളം സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെ നിലവിലുള്ള ചികിത്സാ സൗകര്യങ്ങൾ തുടരും. രാജ്യത്തെ 788 ജില്ലകളിൽ 687 ജില്ലകളിലാണ് ഇഎസ്ഐ പദ്ധതി നിലവിലുള്ളത്. 2014ൽ 393 ജില്ലകളിൽ മാത്രമായിരുന്നു പദ്ധതി ഉണ്ടായിരുന്നത്. എബി- പിഎമ്മും ഇഎസ്ഐയും ബന്ധിപ്പിക്കുന്നതോടെ കൂടുതൽ മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ പരമാവധി പേർക്ക് ലഭിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.















