ഭാര്യയ്ക്ക് സമ്മാനം വാങ്ങി നൽകി ഭർത്താവിന്റെ പോക്കറ്റ് കാലിയായ കഥയാണ് കൂടുതലും കേൾക്കാറ്. എന്നാൽ ഭാര്യയ്‌ക്ക് സമ്മാനം നൽകി കോടീശ്വരനായ ഭർത്താവുമുണ്ട്. സിംഗപ്പൂരിൽ പ്രോജക്ട് എഞ്ചിനിയറായി ജോലി ചെയ്യുന്ന ഇന്ത്യന്‍ വംശജനാണ് പ്രസ്തുത കക്ഷി.
സിംഗപ്പൂരിലെ ജ്വല്ലറിയിൽ നടന്ന നറുക്കെടുപ്പിലൂടെ ബാലസുബ്രഹ്മണ്യൻ ചിദംബരത്തെ തേടിയെത്തിയത് എട്ട് കോടി രൂപയാണ് ( ഒരു മില്യൺ യുഎസ് ഡോളർ). കഴിഞ്ഞ 21 വര്‍ഷമായി സിംഗപ്പൂരിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്.
ലിറ്റിൽ ഇന്ത്യയിലെ ജ്വല്ലറിയിൽ ഭാര്യയ്‌ക്ക് മാല വാങ്ങിയപ്പോൾ ലഭിച്ച കൂപ്പണാണ് സമ്മാനത്തിന് അർഹമായത്. കുറഞ്ഞത് 250 ഡോളറിന് ആഭരണം വാങ്ങിയ ഉപഭോക്താക്കള്‍ക്കായിരുന്നു നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹത. 6,000 സിംഗപ്പൂർ ഡോളർ മുടക്കി മൂന്ന് പവന്റെ മാലയാണ് ചിദംബരം വാങ്ങിയത്.
അപ്രതീക്ഷിതമായി കോടിപതി ആയതിന്‍റെ ഞെട്ടലും സന്തോഷവും ചിദംബരത്തിനുണ്ട. “ഇന്ന് എന്റെ അച്ഛന്റെ നാലാം ചരമവാർഷികമാണ്. അച്ഛന്റെ അനുഗ്രഹമാണ്” അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി സിംഗപ്പൂരിലുള്ളതുകൊണ്ട് സമ്മാനത്തിന്‍റെ ഒരു വിഭാഗം ഇവിടുത്തെ സമൂഹത്തിനായി ചെലവഴിക്കുമെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.















