ചെങ്ങന്നൂർ; ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപം വിശ്വഹിന്ദു പരിഷത്ത് അയ്യപ്പസേവാ കേന്ദ്രം വി.എച്ച്.പി ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി കെ.സ്ഥാണുമാലയൻ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ റെയിൽവേസ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോമിൽ അടിപ്പാതയോട് ചേർന്ന് 42 സെന്റ് സ്ഥലത്താണ് സേവാകേന്ദ്രം പ്രവർത്തനം ആരംഭിച്ചത്.
ഒരേ സമയം 500 അയ്യപ്പൻമാർക്ക് വിരിവയ്‌ക്കാൻ സാധിക്കും. ഭജനമണ്ഡപം, ഗോശാല, ആംബുലൻസ് സർവ്വീസ് ഉൾപ്പെടെയുള്ള സൗക്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ശബരിമല തീർത്ഥാടനത്തിന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന അയ്യപ്പഭക്തർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനാണ് ചെങ്ങന്നൂർ.

ഉദ്ഘാടന യോഗത്തിൽ വി.എച്ച്.പി സംസ്ഥാന അധ്യക്ഷൻ വിജി തമ്പി അദ്ധ്യക്ഷത വഹിച്ചു. മാർഗ്ഗദർശക് മണ്ഡലം കേരള ഘടകം ജനറൽ സെക്രട്ടറി സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നിർവ്വഹിച്ചു. വി.എച്ച്.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ രാജശേഖരൻ, വൈസ് പ്രസിഡന്റ് അഡ്വ. അനിൽ വിളയിൽ, ക്ഷേത്രീയ സംഘടന സെക്രട്ടറി കേശവ രാജു, മുതിർന്ന സംഘ പ്രചാരകന്മാരായ കെ.കൃഷ്ണൻകുട്ടി,എം.കെ.ദിവാകരൻ, വി.കെ. ചന്ദ്രൻ, പ്രസന്ന ബാഹുലേയൻ, മിനി ഹരികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.















