കണ്ണൂർ: സിപിഎമ്മിനെ തകർക്കാൻ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പോസ്‌റ്റ് മോഡേൺ എന്ന പേരിൽ പ്രത്യേക പരിശീലനം നൽകി ഇന്ത്യയിലേക്ക് ആളെ അയയ്‌ക്കുന്നതായി ഇ.പി ജയരാജൻ. സിപിഎം പാപ്പിനിശ്ശേരി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്തിന്റെ പലയിടത്തും ഇത്തരക്കാരുടെ പ്രവർത്തനമുണ്ടെന്നും അതിന്റെ ഭാഗമായി ഇവിടെ വലതുപക്ഷ ശക്തികൾ മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ച് തെറ്റായ പ്രചാരണം നടത്തുകയാണെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ഇപി ജയരാജൻ പറഞ്ഞു.
നേതൃത്വത്തിനെതിരെ ആക്രമണം അഴിച്ചുവിട്ട് പാർട്ടിയെ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. നമ്മുടെ സഖാക്കൾക്ക് ഇതു തിരിച്ചറിയാൻ കഴിയുന്നില്ല. ഇങ്ങനെയുള്ള ആക്രമണങ്ങൾ നടത്തിയാണ് ലോകത്തെ പല കമ്യൂണിസ്റ്റ് പാർട്ടികളെയും തകർത്തതെന്നും ഇപി ജയരാജൻ പറഞ്ഞു.
പാർട്ടിക്കുള്ളിൽ വിമർശനമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നുവെന്ന പേരിൽ ഓരോ വാർത്തകളുണ്ടാക്കി പരത്തുന്നത് അഭിലഷണീയമല്ല. ഇതിനുവേണ്ടി മാദ്ധ്യമങ്ങൾക്ക് പണംകൊടുത്ത് അവരെക്കൊണ്ട് വാർത്തകൾ പ്രചരിപ്പിക്കുന്നു. ഇതിനെ പാർട്ടി പ്രവർത്തകർ പ്രതിരോധിക്കണം. അതിനായി ഉണർന്നുപ്രവർത്തിക്കണം. – ഇപി ജയരാജൻ പറഞ്ഞു.