കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ പക്ഷിവേട്ട. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വിദേശത്ത് നിന്ന് എത്തിയ യാത്രക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നി ബാഗുകൾ പരിശോധിച്ചപ്പോൾ പക്ഷികളെ പിടികൂടുകയായിരുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന കസ്റ്റംസ് ഓഫീസർമാരാണ് പരിശോധന നടത്തിയത്. തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നീ യാത്രക്കാരുടെ ബാഗുകൾ പരിശോധിക്കാൻ എടുത്തപ്പോൾ ബാഗിനുള്ളിൽ നിന്ന് ചിറകടി ശബ്ദം കേൾക്കുകയായിരുന്നു. ഉടൻ തന്നെ തുറന്നുനോക്കി. ഇതോടെ അപൂർവയിനത്തിൽപ്പെട്ട നിരവധി പക്ഷികളെയാണ് ബാഗിൽ നിന്ന് ലഭിച്ചത്.
വേഴാമ്പലുകൾ ഉൾപ്പടെ ഇതിലുണ്ടായിരുന്നു. രണ്ട് ലക്ഷം രൂപ വരെ വിലമതിപ്പുള്ള പക്ഷികളാണ് ഇക്കൂട്ടത്തിലുള്ളത്. 14 പക്ഷികളെയും രക്ഷപ്പെടുത്തിയതായി കസ്റ്റംസ് അറിയിച്ചു. പക്ഷികളെയും പ്രതികളെയും കസ്റ്റഡിയിലെടുത്ത കസ്റ്റംസ് വിദഗ്ധ പരിശോധനകൾക്കും തുടർനടപടികൾക്കുമായി വനംവകുപ്പിന് കൈമാറി. കൊച്ചി കസ്റ്റംസും വനംവകുപ്പും ചേർന്ന് കേസിന്റെ തുടർ അന്വേഷണം നടത്തും.