ഹൈദരാബാദ്: തെലങ്കാനയിൽ നാടിനെ നടുക്കി ദുരഭിമാനക്കൊല. ഹയാത്‌നഗർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ നാഗമണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ പരമേശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ജോലിക്കായി നാഗമണി, ഹയാത്‌നഗറിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ഇരുചക്ര വാഹനത്തിൽ പോകുകയായിരുന്ന നാഗമണിയെ ഇടിച്ചിട്ട ശേഷം സഹോദരൻ ഇവരുടെ കഴുത്തറുക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ യുവതിയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും നാഗമണി സംഭവ സ്ഥലത്ത് വച്ച് കൊല്ലപ്പെട്ടു. തുടർന്ന് ഒളിവിൽ പോയ പരമേശിനെ പിന്നീട് നടത്തിയ അന്വേഷണത്തിൽ പൊലീസ് പിടികൂടി.
ഇതരജാതിയിൽപ്പെട്ട യുവാവിനെ സഹോദരി വിവാഹം ചെയ്തതിനെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലയ്‌ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് നാഗമണി ഇതരജാതിയിൽപ്പെട്ട യുവാവിനെ വിവാഹം ചെയ്തത്. ഈ ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നെന്നും ഇരുവരെയും സഹോദരൻ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.