ന്യൂഡൽഹി: അദാനി വിഷയത്തെ ചൊല്ലി ഇൻഡി സഖ്യത്തിൽ ഭിന്നത. ഗൗതം അദാനിക്കെതിരെ യുഎസിലെ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ച വിഷയം പാർലമെൻ്റിൽ ഉന്നയിക്കുന്നതിനെച്ചൊല്ലിയാണ് തർക്കം. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ചേംബറിൽ തിങ്കളാഴ്ച നടന്ന ഇൻഡി സഖ്യത്തിന്റെ യോഗത്തിൽ നിന്ന് വിട്ടുനിന്ന് തൃണമൂൽ കോൺഗ്രസ് ഭിന്നത പ്രകടമാക്കി.
സൗരോർജ്ജ കരാറുകൾ ഉറപ്പാക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 മില്യൺ ഡോളർ കൈക്കൂലി നൽകിയെന്ന് ആരോപിച്ച് അദാനി ഗ്രൂപ്പിനെതിരെ യുഎസിൽ സമർപ്പിക്കപ്പെട്ട കുറ്റപത്രമാണ് ഭിന്നതയ്‌ക്ക് ആധാരം. ബംഗാളിലെ വിഷയങ്ങൾ ഉന്നയിക്കാനുണ്ടെന്നും അദാനി വിഷയം മാറ്റിവെക്കണമെന്നുമായിരുന്നു തൃണമൂൽ നിലപാട്. കോൺഗ്രസിന്റെ ഏകപക്ഷീയ നിലപാടുകൾക്കെതിരെ സിപിഎം, സിപിഐ തുടങ്ങിയ പാർട്ടികളും എതിരാണ്.
അമേരിക്കൻ അന്വേഷണ ഏജൻസിയുടെ അറസ്റ്റിൽ നിന്ന് അദാനിയെ സംരക്ഷിക്കാൻ ഭരണകക്ഷിയായ ബിജെപി ശ്രമിച്ചെന്നാരോപിച്ച് പാർലമെന്റിൽ വിഷയം ചർച്ച ചെയ്യാനായിരുന്നു കോൺഗ്രസ് നീക്കം. എന്നാൽ ഇന്ത്യയിൽ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാർ ഉദ്യോഗസ്ഥർക്കാണ് അദാനി കൈക്കൂലി നൽകിയതെന്ന് യുഎസ് കുറ്റപത്രത്തിൽ ആരോപിക്കുന്നതിനാൽ വിഷയം പാർലമെന്റിൽ ചർച്ച ചെയ്യുന്നത് നാണക്കേടാകുമെന്നായിരുന്നു ഇൻഡി സഖ്യത്തിലെ കോൺഗ്രസ് ഇതര പാർട്ടികളുടെ വിലയിരുത്തൽ.