മാനസികമായി സമ്മർദ്ദം കുറയ്‌ക്കാൻ പലവഴികളും തേടുന്നവരാണ് നമ്മളിൽ പലരും. സമ്മർദ്ദം കുറയ്‌ക്കാൻ ചിലർ നന്നായി ഭക്ഷണം കഴിക്കും, പാട്ട് കേൾക്കും, നൃത്തം ചെയ്യും, അങ്ങനെ പലരും പല രീതിയിലാണ് സമ്മർദ്ദത്തെ അതിജീവിക്കുന്നത്. അത്തരത്തിൽ മാനസിക സമ്മർദ്ദം ഇല്ലാതെയാക്കാൻ ഒരു യുവാവ് കണ്ടുപിടിച്ച രീതിയാണ് ഏവരേയും അമ്പരപ്പിക്കുന്നത്. പരിചയമില്ലാത്ത ആളുകളുടെ വീടുകളിൽ അതിക്രമിച്ച് കയറുക എന്നതാണ് ഈ യുവാവ് ഹോബിയാക്കി മാറ്റിയത്. ജപ്പാനിലാണ് സംഭവം.
നാളുകളായി യുവാവ് ഈ ഹോബി തുടർന്ന് വരുന്നുണ്ടെങ്കിലും, പൊലീസ് പിടികൂടിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. കഴിഞ്ഞ മാസം അവസാനത്തോടെയാണ് ഇയാൾ പിടിയിലാകുന്നത്. അതിക്രമിച്ച് കയറിയത് വീട്ടുടമസ്ഥന്റേയും ഭാര്യയുടേയും ശ്രദ്ധയിൽ പെട്ടതോടെ ഇവർ ഉടൻ തന്നെ ഈ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്തപ്പോഴാണ് അമ്പരപ്പിക്കുന്ന മറ്റൊരു വിവരം കൂടി പൊലീസ് അറിഞ്ഞത്.
ആയിരത്തോളം വീടുകളിൽ താൻ അതിക്രമിച്ച് കയറിയിട്ടുണ്ടെന്നാണ് യുവാവ് പൊലീസിന് മൊഴി നൽകിയത്. ആരെങ്കിലും കണ്ടെത്തുമോ എന്ന ചിന്തിക്കുമ്പോൾ ആവേശം കൂടുമെന്നും, സമ്മർദ്ദം ഒഴിവായി കിട്ടുമെന്നുമാണ് യുവാവ് പറയുന്നത്. അതേസമയം ആയിരത്തോളം വീടുകളിൽ കയറിയെന്ന് ഇയാൾ അവകാശപ്പെടുന്നുണ്ടെങ്കിലും, എവിടെ നിന്ന് മോഷണം നടന്നതായി കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് പറയുന്നു.