ധാക്ക: ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിനെതിരെ വിമർശനവുമായി ബംഗ്ലാദേശിൽ നിന്ന് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും ആൾക്കൂട്ട കൊലപാതകങ്ങളും ബംഗ്ലാദേശിൽ വർദ്ധിച്ച സാഹചര്യത്തിലാണ് യൂനുസിനെതിരെ ഹസീന വിമർശനം ഉന്നയിച്ചത്. ന്യൂയോർക്കിൽ നടന്ന അവാമി ലീഗിന്റെ സമ്മേളനത്തിൽ വെർച്വലായി പങ്കെടുത്ത് അഭിസംബോധന ചെയ്യുകയായിരുന്നു അവർ. ക്ഷേത്രങ്ങൾക്കും പള്ളികൾക്കും, ഇസ്‌കോൺ സംഘടനയ്‌ക്കുമെതിരായ ആക്രമണങ്ങളെ ഇടക്കാല സർക്കാർ കണ്ടില്ലെന്ന് നടിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഹസീനയുടെ പ്രതികരണം.
“ബംഗ്ലാദേശിലെ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് കാരണം ഞാനാണെന്ന് ആരോപിക്കുന്നു. യഥാർത്ഥത്തിൽ മുഹമ്മദ് യൂനുസാണ് അതിനുത്തരവാദി. വിദ്യാർത്ഥി കോ-ഓർഡിനേറ്റർമാർക്കൊപ്പം കൃത്യമായ ആസൂത്രണം നടത്തി ആൾക്കൂട്ട കൊലപാതകങ്ങളിൽ ഏർപ്പെട്ടത് യൂനുസാണ്. ബിഎൻപി നേതാവും ഖാലേദ സിയയുടെ മകനുമായ താരിഖ് റഹ്മാൻ പോലും ലണ്ടനിൽ നിന്ന് പറഞ്ഞു. ബംഗ്ലാദേശിൽ മരണങ്ങൾ ഇങ്ങനെ തുടർന്നാൽ ഈ സർക്കാർ നിലനിൽക്കില്ലെന്ന്..” ഷെയ്ഖ് ഹസീന പറഞ്ഞു.
ഇന്ന് ബംഗ്ലാദേശിൽ അദ്ധ്യാപകർ, പൊലീസുകാർ, തുടങ്ങി എല്ലാവരും ആക്രമിക്കപ്പെടുന്നു. കൊല്ലപ്പെടുന്നു. ഹിന്ദുക്കൾ, ബുദ്ധിസ്റ്റുകൾ, ക്രിസ്ത്യാനികൾ എല്ലാവരും ലക്ഷ്യം വെക്കപ്പെടുകയാണ്. പള്ളികളും നിരവധി ക്ഷേത്രങ്ങളും തകർക്കപ്പെട്ടു. എന്തുകൊണ്ട് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾ ഇപ്പോൾ ആക്രമിക്കപ്പെടുന്നു?
ഒരു കൂട്ടക്കൊലയ്‌ക്ക് സാക്ഷ്യം വഹിക്കാൻ ഞാൻ തയ്യാറായിരുന്നില്ല. അധികാരം ഞാൻ നിലനിർത്തിയിരുന്നുവെങ്കിൽ അത് സംഭവിക്കുമായിരുന്നു. ആളുകൾ നിർദയമായി കൊല്ലപ്പെടുമെന്ന് മനസിലാക്കിയതിനാലാണ് സ്വയം ഒഴിഞ്ഞുപോകാൻ തീരുമാനിച്ചത്. ഗാന ഭവനിൽ വച്ച് എന്റെ സുരക്ഷാ ഭടന്മാർ അവർക്ക് നേരെ വെടിയുതിർത്തിരുന്നെങ്കിൽ ഒരുപാട് പേർ മരിക്കുമായിരുന്നു. അതിന് ഞാൻ ആഗ്രഹിക്കാത്തതിനാലാണ് രാജ്യം വിട്ടത്.
1975 ഓഗസ്റ്റ് 15ന് ബംഗ്ലാദേശിന്റെ രാഷ്‌ട്രപിതാവിനെ വകവരുത്തിയത് പോലെ എന്നെയും കൊല്ലാനായിരുന്നു പദ്ധതി. അത് നടപ്പായില്ല. എല്ലാം അവസാനിപ്പിക്കാൻ 25-30 മിനിറ്റുകൾ മാത്രം മതിയായിരുന്നു. പക്ഷെ ഞാനെന്റെ സെക്യൂരിറ്റി ജീവനക്കാരോട് പറഞ്ഞു, അവർക്ക് നേരെ വെടിയുതിർക്കരുതെന്ന്..- ഷെയ്ഖ് ഹസീന പറഞ്ഞുനിർത്തി.
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ പ്രതിഷേധമറിയിച്ച ഇസ്കോണിനെതിരെ സർക്കാർ നടപടി കടുപ്പിച്ച സാഹചര്യത്തിൽ കൂടിയാണ് ഹസീനയുടെ വാക്കുകൾ.