ചെന്നൈ :14 ജില്ലകളിൽ നാശം വിതച്ചു കൊണ്ട് തമിഴ് നാട്ടിൽ വീശിയടിച്ച ഫെംഗൽ ചുഴലിക്കാറ്റിന്റെ വ്യാപ്തി വിശദീകരിച്ചു കൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേന്ദ്ര സർക്കാരിന് കത്തെഴുതി. ഈ പ്രകൃതി ദുരന്തം 1.5 കോടിയിലധികം വ്യക്തികളെയും 69 ലക്ഷം കുടുംബങ്ങളെയും ബാധിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. ദുരന്തത്തിന്റെ വീഴ്ച പരിഹരിക്കുന്നതിനായി ദേശീയ ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 2,000 കോടി രൂപ അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിലാണ് ഈ വിവരങ്ങൾ ഉള്ളത്.
തമിഴ്‌നാട്ടിലെ 14 ജില്ലകളിലും ചുഴലിക്കാറ്റ് അഭൂതപൂർവമായ നാശം വിതച്ചിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.bദുരിതാശ്വാസപ്രവർത്തങ്ങൾക്കായി ലഭ്യമായ എല്ലാ വിഭവങ്ങളും സംസ്ഥാന സർക്കാർ സമാഹരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കത്തിൽ അവകാശപ്പെട്ടു.
“ജില്ലകളിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ മുതിർന്ന മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്, ദേശീയ ദുരന്തനിവാരണ സേനയുടെ ഒമ്പത് ടീമുകളും സംസ്ഥാന ദുരന്തനിവാരണ സേനയുടെ ഒമ്പത് ടീമുകളും ദുരന്ത മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. 38,000 സർക്കാർ ഉദ്യോഗസ്ഥരും 1,12,000 പരിശീലനം ലഭിച്ച ദ്രുതകർമ്മ സേനാംഗങ്ങളും അടങ്ങുന്ന തൊഴിലാളികൾ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി ഏർപ്പെട്ടിരിക്കുന്നു, ”കേന്ദ്രത്തിനയച്ച കത്തിൽ സ്റ്റാലിൻ എഴുതി.
കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്കായി അഭയകേന്ദ്രങ്ങൾ സ്ഥാപിക്കുക, ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുക എന്നിവയാണ് നിലവിൽ ദുരിതാശ്വാസ നടപടികളിൽ ഉൾപ്പെടുന്നത്.
അടിസ്ഥാന സൗകര്യങ്ങൾ, കൃഷി, ഉപജീവനമാർഗം എന്നിവയിൽ ചുഴലിക്കാറ്റ് ചെലുത്തിയ ആഘാതത്തെക്കുറിച്ചും സ്റ്റാലിന്റെ കത്തിൽ പറയുന്നു. 12 പേര് മരിച്ച ഈ കൊടുങ്കാറ്റിൽ , 2,416 കുടിലുകൾ, 721 വീടുകൾ, 963 കന്നുകാലികൾ, 2,11,139 ഹെക്ടർ കൃഷി, 9,576 കിലോമീറ്റർ റോഡുകൾ നാശം, 1,847 കുളങ്ങൾ , 417 കലുങ്കുകൾ എന്നിവ നശിച്ചു. 1,649 കിലോമീറ്റർ വൈദ്യുത ലൈനുകൾ , 23,664 വൈദ്യുത തൂണുകളും 997 ട്രാൻസ്‌ഫോർമറുകൾ , 1,650 പഞ്ചായത്ത് കെട്ടിടങ്ങൾ, 4,269 അങ്കണവാടികൾ, 205 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, 5,936 സ്കൂൾ കെട്ടിടങ്ങൾ, 381 കമ്മ്യൂണിറ്റി ഹാളുകൾ, 623 ജലവിതരണ പദ്ധതികൾ എന്നിവയ്‌ക്ക് ഗുരുതരമായ തകരാർ സംഭവിച്ചു.
ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് തമിഴ്‌നാടിനെ കരകയറ്റാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടു . “സംസ്ഥാന സർക്കാർ ഈ നാശനഷ്ടങ്ങളുടെ പ്രാഥമിക വിലയിരുത്തൽ നടത്തി, താത്കാലിക പുനരുദ്ധാരണ ശ്രമങ്ങൾക്കായി 2,475 കോടി രൂപ ആവശ്യമാണെന്ന് കണക്കാക്കിയിട്ടുണ്ട്. ഇതിന് അടിയന്തിര സാമ്പത്തിക സഹായം ആവശ്യമാണ് ”, സ്റ്റാലിന്റെ കത്ത് തുടരുന്നു.
നവംബർ 23 ന് ആരംഭിച്ച ന്യൂനമർദ്ദം പിന്നീട് ചുഴലിക്കാറ്റായി മാറി ശക്തി പ്രാപിച്ചു ഡിസംബർ 1 ന് കര തൊട്ടു. വില്ലുപുരം, കള്ളക്കുറിച്ചി, കടലൂർ, തിരുവണ്ണാമലൈ തുടങ്ങിയ ജില്ലകളിൽ പേമാരിയും മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയുള്ള കാറ്റും ഉണ്ടായി. ധർമപുരി, കൃഷ്ണഗിരി, റാണിപേട്ട്, വെല്ലൂർ, തിരുപ്പത്തൂർ തുടങ്ങിയ ഉൾനാടൻ ജില്ലകളെയും ഈ ദുരന്തം സാരമായി ബാധിച്ചു.