ചെന്നൈ: സിനിമാ റിവ്യൂ തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജിയുമായി തമിഴ് സിനിമാ നിർമാതാക്കാൾ. ആദ്യ മൂന്ന് ദിവസം സോഷ്യൽമീഡിയ റിവ്യൂ അനുവദിക്കരുതെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
തമിഴ്നാട്ടിൽ സമീപകാലത്ത് ഇറങ്ങിയ ബിഗ്ബജറ്റ് സിനിമകൾ പ്രതീക്ഷിച്ച കളക്ഷനിലേക്ക് പോകാതിരുന്ന സാഹചര്യത്തിലാണ് നടപടി. വേട്ടയ്യൻ, ഇന്ത്യൻ 2 എന്നീ സിനിമകൾ കോടികൾ മുടക്കി റിലീസ് ചെയ്തെങ്കിലും തീയേറ്ററിൽ വിജയം കണ്ടിരുന്നില്ല. ഇതിന് പിന്നാലെ ഇറങ്ങിയ ബിഗ് ബജറ്റ് ചിത്രമായ കങ്കുവയും റിലീസ് ചെയ്തതിനേക്കാൾ വേഗത്തിൽ തീയേറ്റർ വിട്ടു. കങ്കുവയുടെ റിലീസ് ദിവസം ആദ്യ ഷോ പൂർത്തിയാകുന്നതിന് മുന്നോടിയായുള്ള ഇടവേള തൊട്ട് നെഗറ്റീവ് റിവ്യൂകൾ വന്നുതുടങ്ങിയിരുന്നു. ഇതെല്ലാം സിനിമയുടെ കളക്ഷനെ ബാധിച്ചെന്നാണ് നിർമാതാക്കളുടെ ആരോപണം. ഈ സാഹചര്യത്തിലാണ് ഹർജിയുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
തീയേറ്ററിനുള്ളിൽ കടന്ന് യൂട്യൂബർമാരും ഓൺലൈൻ ചാനലുകളും റിവ്യൂ ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തീയേറ്റർ ഉടമകൾക്ക് നിർമാതാക്കളുടെ സംഘടന കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മദ്രാസ് ഹൈക്കോടതിയിൽ ഹർജിയെത്തിയത്. റിലീസിന്റെ ആദ്യ മൂന്ന് ദിവസം സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിൽ വരുന്ന ഓൺലൈൻ റിവ്യൂകൾ തടയണം. ഇതിന് വേണ്ട നിർദേശങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിക്കണമെന്നും ഹർജിയിൽ പറയുന്നു. മദ്രാസ് ഹൈക്കോടതിയിൽ ഇന്ന് ഹർജി പരിഗണിച്ചേക്കുമെന്നാണ് വിവരം.