ന്യൂയോർക്ക്: രാജ്യത്ത് ഏർപ്പെടുത്തിയ പട്ടാളനിയമം പിൻവലിക്കാനുള്ള ദക്ഷിണ കൊറിയൻ പ്രസിഡന്റ് യുൻ സുക് യോളിന്റെ തീരുമാനത്തെ പിന്തുണച്ച് സഖ്യകക്ഷിയായ അമേരിക്ക. യുൻ സുക് യോളിന്റെ തീരുമാനം സ്വാഗതാർഹമാണെന്നും, രാജ്യത്തെ സംഭവവികാസങ്ങൾ അമേരിക്ക നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അറിയിച്ചു.
” കഴിഞ്ഞ 24 മണിക്കൂറായി ദക്ഷിണ കൊറിയയിൽ നടക്കുന്ന കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പട്ടാളനിയമം പിൻവലിക്കാനുള്ള പ്രസിഡന്റ് യുൻ സുക് യോളിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. രാഷ്‌ട്രീയ വിയോജിപ്പുകൾ സമാധാനപരമായും, നിയമത്തിന്റെ വഴിയിൽ പരിഹരിക്കപ്പെടുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ജനാധിപത്യ മൂല്യങ്ങളേയും പങ്കാളിത്തത്തിന്റേയും അടിസ്ഥാനത്തിൽ കൊറിയയിലെ ജനങ്ങൾക്കും രാജ്യത്തിനും ഒരിക്കൽ കൂടി പിന്തുണ ഉറപ്പിക്കുകയാണെന്നും” പ്രസ്താവനയിൽ പറയുന്നു.
പട്ടാളനിയമം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് തങ്ങൾക്ക് മുൻകൂറായി ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും ആന്റണി ബ്ലിങ്കൻ പറയുന്നു. അതേസമയം രാജ്യത്തെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ഐക്യരാഷ്‌ട്രസഭ അറിയിച്ചു. രാജ്യത്ത് പട്ടാളനിയമം ഏർപ്പെടുത്തിയ നടപടി ആറ് മണിക്കൂറിനുള്ളിൽ തന്നെ പ്രസിഡന്റ് പിൻവലിക്കുകയായിരുന്നു. പട്ടാളനിയമം പ്രഖ്യാപിച്ചതിന് പിന്നാലെ പാർലമെന്റ് മന്ദിരം സൈന്യം വളഞ്ഞിരുന്നു.
എന്നാൽ സൈനികഭരണം തള്ളി പാർലമെന്റ് അംഗങ്ങൾ വോട്ട് ചെയ്തതിന് പിന്നാലെയാണ് വിന്യസിച്ച സൈനികരെ സർക്കാർ പിൻവലിക്കുകയും, പട്ടാളനിയമം പിൻവലിച്ച് പ്രഖ്യാപനം നടത്തുകയും ചെയ്തത്. രാജ്യത്തെ പ്രതിപക്ഷം ഉത്തരകൊറിയയോടാണ് ആഭിമുഖ്യം പുലർത്തുന്നതെന്നും, ഇവർ സമാന്തര സർക്കാർ ഉണ്ടാക്കി രാജ്യത്തെ ഭരണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചാണ് പ്രസിഡന്റ് പട്ടാളനിയമം പ്രഖ്യാപിച്ചത്.