ഓസ്ട്രേലിയൻ പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് നാണംകെട്ട തോൽവി. ഓസ്ട്രേലിയ അഞ്ചുവിക്കറ്റിനാണ് ജയിച്ചത്. ബ്രിസ്ബെയ്ൻ ഏകദിനത്തിൽ 34.2 ഓവർ ബാറ്റ് ചെയ്ത ഇന്ത്യ 100 റൺസിനാണ് പുറത്തായത്. മറുപടി ബാറ്റിംഗിൽ തകർച്ചയെ അഭിമുഖീകരിച്ചെങ്കിലും പരിചയ സമ്പത്ത് ഓസ്ട്രേലിയയെ തുണയ്‌ക്കുകയായിരുന്നു. 16.2 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ അവർ ലക്ഷ്യം കണ്ടു.
6.2 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി ഇന്ത്യയുടെ അഞ്ച് വിക്കറ്റ് പിഴുത മേഗൻ ഷൂട്ടാണ് കളിയിലെ താരം. 23 റൺസ് നേടിയ ജമീമ റോഡ്രിഗ്സാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. ഹർലീൻ ഡിയോൾ(34 പന്തിൽ 19), ക്യാപ്റ്റൻ ഹർമൻ പ്രീത്(31 പന്തിൽ 17) റിച്ചാ ഘോഷ് (35 പന്തിൽ 14) സ്മൃതി മന്ദാന(8) എന്നീ പ്രമുഖർ നിരാശപ്പെടുത്തി. ആറുപേർ രണ്ടക്കം കാണാതെ പുറത്തായി. കിം ഗാർത്, അന്നാബെൽ സുതർലാൻഡ്, അലാന കിംഗ്, ആഷ്‍ലി ഗാർഡ്നർ എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.
മറുപടി ബാറ്റിംഗിൽ ഓപ്പണർമാർ ഓസ്ട്രേലിയക്ക് മികച്ച തുടക്കം നൽകി. ലിച്ഫീൽഡ് 29 പന്തിൽ എട്ടു ഫോറുകളോടെ 35 റൺസെടുത്തു. ജോർജിയ വോൾ 42 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതം 46 റൺസുമായി പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. എലീസ് പെറി(1), ബേത് മൂണി(1), അന്നാബെൽ സതർലൻഡ്(6),ആഷ്‍ലി ഗാർഡ്നർ(8) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഇന്ത്യക്കായി രേണുക താക്കൂർ മൂന്നും പ്രിയ മിശ്ര രണ്ടു വിക്കറ്റും നേടി.