ചെന്നൈ: മലിനജലം കലർന്ന കുടിവെളളം കുടിച്ച രണ്ട് പേർക്ക് ദാരുണാന്ത്യം. ചെന്നൈയിലെ പല്ലാവരത്താണ് നാടിനെ നടുക്കിയ ദുരന്തം. വെളളം കുടിച്ച 19 പേർ ആശുപത്രിയിലാണ്. ഓടയിലെ അഴുക്കുജലം കുടിവെളളത്തിൽ കലർന്നതാണെന്നാണ് നിഗമനം.
സംഭവത്തെ തുടർന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യൻ ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. വെളളത്തിന്റെ സാമ്പിൾ വിശദമായ പരിശോധനയ്‌ക്ക് ഗിണ്ടിയിലെ ലാബിലേക്ക് അയച്ചതായി മന്ത്രി പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമേ യഥാർത്ഥ മരണകാരണം ഉറപ്പിക്കാനാകൂവെന്നും മന്ത്രി വ്യക്തമാക്കി.
തമിഴ്‌നാട് എംഎസ്എംഇ മന്ത്രി ടിഎം അൻപരശനും ദുരന്തമുണ്ടായ പല്ലാവരം പ്രദേശത്തും ആശുപത്രിയിലു എത്തിയിരുന്നു. എന്നാൽ കുടിവെളളത്തിൽ മലിനജലം കലരാൻ സാദ്ധ്യതയില്ലെന്നും ഭക്ഷ്യവിഷബാധയ്‌ക്കാണ് സാദ്ധ്യതയെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
56 വയസുളള തിരുവീഥി, 42 വയസുളള മോഹനരംഗം എന്നിവരാണ് മരിച്ചത്. മോഹനനഗരത്തെ മരിച്ച നിലയിലാണ് എത്തിച്ചതെന്ന് ആശുപത്രിവൃത്തങ്ങൾ പറഞ്ഞു.
ഫെംഗൽ ചുഴലിക്കാറ്റിന്റെ ഫലമായി കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഓടയിലെ മലിനജലം കുടിവെളളത്തിൽ കലർന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. മോശം വെളളമാണ് ലഭിച്ചതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
പല്ലാവരത്തെ കാമരാജ് നഗർ, മണൽമേട് എന്നിവിടങ്ങളിലെ താമസക്കാരിലാണ് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഛർദ്ദിയും അതിസാരവും മൂലം ഇവിടെയുളളവർ മൂന്ന് ദിവസമായി ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ട്. 34 പേരാണ് മൂന്ന് ദിവസത്തിനുളളിൽ ഈ പ്രശ്‌നങ്ങളുമായി ആശുപത്രിയിലെത്തിയത്. 14 പേരെ ചികിത്സയ്‌ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. 19 പേർ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.
ഫെംഗൽ ചുഴലിക്കാറ്റിന്റെ ഫലമായി തമിഴ്‌നാട്ടിലെങ്ങും വ്യാപക മഴയും വെളളപ്പൊക്കവും ഉണ്ടായിരുന്നു. 12 പേർക്ക് ജീവൻ നഷ്ടമായി. നിരവധി വീടുകളും നശിച്ചു. ജലവിതരണ സംവിധാനങ്ങൾ താറുമാറായതിനൊപ്പം ഏക്കർ കണക്കിന് കൃഷിയും നശിച്ചിരുന്നു.