ശരീരത്തിൽ പാലുണ്ണുയുണ്ടാകുന്നത് പലർക്കും ഏറെ പ്രയാസമുള്ള കാര്യമാണ്. സൗന്ദര്യത്തിൽ ശ്രദ്ധിക്കുന്നവർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ഇത്തരത്തിലുണ്ടാകുന്ന പാലുണ്ണികൾ. കഴുത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും കാണാൻ പോലും കഴിയാത്ത രീതിയിൽ ചെറിയ കുരുക്കളായാണ് പാലുണ്ണികൾ വരുന്നത്. ഇത് പിന്നീട് വളരാൻ തുടങ്ങുമ്പോഴാണ് നമ്മൾ ശ്രദ്ധിക്കുക. ഇതിനുള്ള കാരണവും പ്രതിവിധിയും ആരും അന്വേഷിച്ചുപോകാറില്ല.
കഴുത്തിലും കക്ഷത്തിലുമാണ് പാലുണ്ണികൾ സ്വാഭാവികമായും ഉണ്ടാവുന്നത്. ചിലർക്ക് മുഖത്ത് പ്രത്യേകിച്ച്, കണ്ണിന്റെ വശങ്ങളിലുമൊക്കെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പാലുണ്ണിയെ പോലെ ശരീരത്തിൽ ചെറിയ കുമിളകളായി വരുന്ന ഒന്നാണ് അരിമ്പാറ. എന്നാൽ പാലുണ്ണിയേക്കാൾ അപകടകാരിയാണ് അരിമ്പാറ. പക്ഷേ, ഇത് കൃത്യമായ ചികിത്സയിലൂടെ പൂർണമായും മാറ്റാൻ കഴിയും.
പാരമ്പര്യമായാണ് പാലുണ്ണി വരുന്നതെന്നാണ് വിദഗ്ധ പഠനങ്ങൾ പറയുന്നത്. കൂടാതെ 30 വയസ് കഴിഞ്ഞ ഗർഭിണികൾക്ക് പാലുണ്ണി വരാനുള്ള സാധ്യതകൾ കൂടുതലാണ്. സ്ത്രീകൾക്ക് കഴുത്തിൽ പാലുണ്ണി വരുന്നത്, കൂടുതലും ചില ആഭരണങ്ങൾ ഉപയോഗിക്കുന്നതിന്റെ പാർശ്വഫലമായാണ്.
മധുര പലഹാരങ്ങളും ബേക്കറി സാധനങ്ങളും അമിതമായി കഴിക്കുന്നവർക്ക് പാലുണ്ണി ഉണ്ടാകാറുണ്ട്. എണ്ണയിൽ വറുത്തെടുത്ത പലാഹാരങ്ങൾ, ബീഫ് തുടർച്ചായി കഴിക്കുന്നത് എന്നിവ പരമാവധി ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഓരോരുത്തർക്ക് ഓരോ കാരണങ്ങളാലാണ് പാലുണ്ണി വരുന്നത്. അതുകൊണ്ട് തന്നെ ഡോക്ടറുടെ നിർദേശങ്ങൾ അനുസരിച്ചായിരിക്കണം ചികിത്സ തുടങ്ങാൻ.