ബെംഗളൂരു : മുഖ്യമന്ത്രി സ്ഥാനം പങ്കിടാൻ കരാർ ഉണ്ടെന്നും ഇല്ലെന്നുമുള്ള പ്രസ്താവനകളെ തുടർന്ന് കർണാടകയിലെ കസേരകളി വീണ്ടും മൂർച്ഛിക്കുന്നു.
“സംസ്ഥാനത്ത് നിലവിൽ മുഖ്യമന്ത്രി കസേര ഒഴിവില്ല. പക്ഷേ, അധികാരത്തിന്റെ കാര്യത്തിൽ ഞങ്ങൾക്കിടയിൽ ഒരു ഉടമ്പടി ഉണ്ടെന്നത് ശരിയാണ്. അത് ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പറഞ്ഞു. അധികാരത്തെക്കുറിച്ച് ധാരണയുണ്ടെന്നത് ശരിയാണ്. അത് ഇപ്പോൾ തുറന്ന് ചർച്ച ചെയ്യില്ല. ഇക്കാര്യം സമയമാകുമ്പോൾ പറയുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പണവും കരബലവും കൊണ്ട് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടും മുഖ്യമന്ത്രിയായിട്ടില്ലെന്ന ചോദ്യത്തിന് മറുപടിയായി ഡി കെ ശിവകുമാർ ഇങ്ങിനെ പറഞ്ഞത്. “ഹൈക്കമാൻഡിനെ ഒരിക്കലും ബ്ലാക്ക്‌മെയിൽ ചെയ്തിട്ടില്ല എന്നതാണ് എന്റെ ദൗർബല്യം.” എന്ന പ്രസ്താവനയോടെ സിദ്ധരാമയ്യയെ കുത്താനും ഡി കെ ശിവകുമാർ മറന്നില്ല.
എന്നാൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ അവകാശവാദങ്ങളെ പാടെ നിഷേധിച്ച കർണാടക മുഖ്യമന്ത്രി അധികാരം പങ്കിടുന്നത് സംബന്ധിച്ച് ധാരണയില്ലെന്നും പാർട്ടി ഹൈക്കമാൻഡിന്റെ തീരുമാനമാണ് അന്തിമമെന്നും മാണ്ഡ്യയിൽ പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡെപ്യൂട്ടി ഡി കെ ശിവകുമാറും ഉൾപ്പെട്ട അധികാരം പങ്കിടൽ കരാർ കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വരയും വ്യാഴാഴ്ച തള്ളി.
കഴിഞ്ഞ വർഷം മേയിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ കടുത്ത മത്സരം ഉണ്ടായിരുന്നു. ഒടുവിൽ ഡി കെ ശിവകുമാറിനെ വെട്ടി സിദ്ധരാമയ്യ മുഖ്യമന്ത്രി ആകുകയായിരുന്നു.