കാലിഫോർണിയ: യുഎസിലെ കാലിഫോർണിയയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും, ജാഗ്രതാ നിർദേശം പിൻവലിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ കാലിഫോർണിയയിലെ ഒറിഗോണിന് സമീപം തീരദേശ നഗരമായ ഹംബോൾട്ട് കൗണ്ടിയിലെ ഫെർണ്ടെയ്‌ലിലാണ് പ്രാദേശിക സമയം രാവിലെ 10.44ഓടെ ഭൂചലനം അനുഭവപ്പെട്ടത്.
ഇതോടെയാണ് 53 ലക്ഷത്തോളം ആളുകൾ താമസിക്കുന്ന ഈ മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയത്. സാൻഫ്രാൻസിസ്‌കോയുടെ തെക്കൻ മേഖല വരെ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. തുടർചലനങ്ങൾ ഉണ്ടായതും ആശങ്കയ്‌ക്ക് ഇടയാക്കിയിരുന്നു. എന്നാൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും, ആർക്കും പരിക്കേറ്റിട്ടില്ലെന്നുമാണ് അധികൃതർ പറയുന്നത്.
ആദ്യത്തെ ഭൂചലനം ഏതാനും സെക്കന്റുകൾ നീണ്ടുനിന്നതായും, കെട്ടിടങ്ങൾക്കുള്ളിൽ വലിയ രീതിയിൽ കുലുക്കം അനുഭവപ്പെട്ടുവെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. മുൻകരുതൽ എന്ന നിലയിൽ പ്രദേശത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. സുനാമി മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ ഇവരോട് ഉയർന്ന സ്ഥലങ്ങളിലേക്ക് മാറണമെന്നും നിർദേശം നൽകിയിരുന്നു. ശക്തമായ ഉയർന്ന തിരമാലകൾ ഉണ്ടാകുമെന്നും പ്രദേശവാസികളെ അറിയിച്ചിരുന്നു. നിലവിൽ സാൻഫ്രാൻസിസ്‌കോയ്‌ക്കും ഒക്ലാൻഡിനും ഇടയിലുള്ള ഗതാഗതം ഉൾപ്പെടെ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.