മലയാളിക്ക് സപ്ലൈകോ വക ഇരുട്ടടി. ക്രിസ്മസ് വിപണിക്ക് മുന്നോടിയായി നാലിനങ്ങളുടെ വിലയാണ് വർദ്ധിപ്പിച്ചത്. ജയ അരി, വൻപയർ, പച്ചരി, വെളിച്ചെണ്ണ എന്നിവയുടെ വിലയാണ് കൂട്ടിയത്.
75 രൂപയായിരുന്ന വൻപയറിന് 79 രൂപ നൽകണം. പച്ചരി 26-ൽ നിന്ന് 29 രൂപയാക്കി. ജയ അരി 29-ൽ നിന്ന് 33 രൂപയായി ഉയർത്തി. വെളിച്ചെണ്ണയ്‌ക്ക് ഒറ്റയടിക്ക് 20 രൂപ കൂടി 130 രൂപയിലെത്തി. തേങ്ങ വില വർദ്ധനവ് ചൂണ്ടിക്കാട്ടിയാണ് വെളിച്ചെണ്ണ വില കുത്തനെ കൂട്ടിയത്.
ഓണത്തിന് മുന്നോടിയായി വില ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രിസ്മസ് വിപണി ആരംഭിക്കാനിരിക്കേയുള്ള വില വർദ്ധനവ്. വിപണി വിലയ്‌ക്ക് അനുസരിച്ചുള്ള വർദ്ധനവ് മാത്രമാണിതെന്നാണ് സപ്ലൈകോ നൽകുന്ന ന്യായീകരണം. പല ഔട്ട്ലെറ്റുകളിലും സബ്സിഡി സാധനങ്ങൾ കിട്ടാനില്ലെന്ന പരാതി ഉയരുന്നതിനിടെയാണ് സാധാരണക്കാർക്ക് ഇരുട്ടടി.