ജീവിതശൈലി രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് പ്രമേഹം. ഷുഗർ എന്ന ഓമനപ്പേരിൽ വിളിക്കുന്ന പ്രമേഹത്തെ നിയന്ത്രിക്കാനുള്ള പ്രധാന മാർഗം ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുകയാണ് വേണ്ടത്. എല്ലാ ഭക്ഷണവും പ്രമേഹരോഗികൾക്ക് കഴിക്കാൻ സാധിക്കില്ല, മറിച്ച് അന്നജം കുറഞ്ഞതും ഗ്ലൈസമിക് ഇൻഡക്സ് കുറഞ്ഞതും എന്നാൽ പോഷകങ്ങൾ അടങ്ങിയതുമായ ഭക്ഷണങ്ങൾ കഴിക്കുകയും വേണം. പ്രത്യേകം ഡയറ്റ് പിന്തുടരുന്നവരാകും ഇവർ. പ്രമേഹരോഗികൾ യാത്രകളിൽ നേരിടുന്ന ഭക്ഷണപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനൊരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ.
ആദ്യപടിയായി രാജ്യത്ത് സർവീസ് നടത്തുന്ന പ്രീമിയം ട്രെയിനുകളിലാണ് പുതിയ ഭക്ഷണ മെനു സജ്ജമാക്കിയത്. വന്ദേഭാരത്, രാജധാനി തുടങ്ങിയ ട്രെയിനുകളിൽ ഇതുവരെ വെജ്, നോൺ-വെജ് ഭക്ഷണങ്ങൾ മാത്രമാണ് ഐആർസിടിസി നൽകിയിരുന്നത്. ഇതിന് പുറമേ പ്രമേഹരോഗമുള്ളവർക്ക് സസ്യഭക്ഷണം, സസ്യേതര ഭക്ഷണം എന്നിവയും ഓർഡർ ചെയ്യാം. ജൈനമത വിശ്വാസികൾക്കുള്ള പ്രത്യേക ഭക്ഷണവും ഓർഡർ ചെയ്യവുന്നതാണ്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ അവരവർക്ക് ആവശ്യമായ ഭക്ഷണം ഓർഡർ ചെയ്യാവുന്നതാണ്.
ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് റെയിൽവേയുടെ വകം സൗജന്യ ഭക്ഷണവും ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നു. രാജധാനി, ശതാബ്ദി, തുരന്തോ എക്സ്പ്രസ് തുടങ്ങിയ പ്രീമിയം ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്കാണ് സേവനം. ഷെഡ്യൂൾ ചെയ്തിരിക്കുന്ന സമയത്തേക്കാൾ രണ്ട് മണിക്കൂറോ അതിലധികമോ വൈകിയാലാണ് സൗജന്യ ഭക്ഷണം ലഭിക്കുക. ഐആർസിടിസി കാറ്ററിംഗ് നയം അടിസ്ഥാനമാക്കിയാകും ഭക്ഷണമെത്തിക്കുക. സമയത്തിനനുസരിച്ച് വിതരണം ചെയ്യുന്ന ഭക്ഷണത്തിലും മാറ്റം വരും.